തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്ന ജീവാനന്ദം പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പിണറായി വിജയനും കുടുംബത്തിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും ആനന്ദം പകരാന്‍ വേണ്ടിയുള്ള പദ്ധതിയാണ് ജീവാനന്ദമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ബി. ശിവജി സുദര്ശനന് പറഞ്ഞു.
ഒരു സുരക്ഷിതത്വവുമില്ലാത്ത കാലഘട്ടത്തിലാണ് കേരളത്തിലെ സാധാരണ ജനങ്ങളും അവര്‍ക്കുവേണ്ടി പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ സര്‍ക്കാര്‍ ജനങ്ങളെ പോക്കറ്റടിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള എല്ലാ നിയമങ്ങളും നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളാണെന്ന് ശിവജി സുദര്ശനന് പറഞ്ഞു.
നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരും തൊഴിലാളികളും സര്‍ക്കാരിനെതിരെ തെരുവില്‍ പോരാടുന്നത്. സ്റ്റാറ്റിയൂട്ടറി പെന്ഷന് വാങ്ങുന്നവരും പങ്കാളിത്ത പെന്ഷന് വാങ്ങുന്നവരും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലുണ്ട്. ഈ രണ്ട് പെന്‍ഷനുകളും നിലനില്‍ക്കുമ്പോളാണ് ജീവാനന്ദം നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ 66 മാസത്തെ മുപ്പതിനായിരം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പിണറായി വിജയന് സര്‍ക്കാര്‍ നല്‍കാനുണ്ട് എന്നും ശിവജി സുദര്ശനന് ചൂണ്ടിക്കാട്ടി.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാര്‍ അധ്യക്ഷനായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഇന്നുവരെ ആവശ്യപ്പെടാത്ത പദ്ധതിയാണ് ജീവാനന്ദം പദ്ധതിയെന്നും ശമ്പളമൊഴികെ ബാക്കിയെല്ലാം പിണറായി വിജയനും ബാലഗോപാലും കൂടി കവര്‍ന്നെടുത്തുവെന്നും ജയകുമാര്‍ പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുനില്‍കുമാര്‍, ആര്‍ആര്‍കെഎംഎസ് ദേശീയ അധ്യക്ഷന്‍ പി. സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, പിഎസ്സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അജയന്, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദിപ് പള്ളിത്തുറ, സംസ്ഥാന സമിതി അംഗം പാക്കോട് ബിജു, സൗത്ത് ജില്ലാ പ്രസിഡന്റ് സന്തോഷ് അമ്പലത്തറയ്ക്കല്, സെക്രട്ടറി സന്തോഷ്, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: