ആലപ്പുഴ: ആഗസ്ത് 10ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്സും ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും എടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന നെഹ്റു ട്രോഫി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
ക്ലബ്ബുകള്‍ക്കുള്ള ബോണസ്, വള്ളം ഉടമകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ 10 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. 2024-ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ബജറ്റ് യോഗം അംഗീകരിച്ചു. 2,45,82,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഈ വര്‍ഷത്തെ വള്ളംകളിയുടെ വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപ, ഫുഡ് ആന്‍ഡ് അക്കൊമഡേഷന് നാല് ലക്ഷം, കള്‍ച്ചറല്‍ കമ്മിറ്റി ഏഴ് ലക്ഷം (കൂടുതല്‍ തുക ആവശ്യമെങ്കില്‍ വര്‍ദ്ധിപ്പിക്കും), ബോണസ് 85 ലക്ഷം, മെയിന്റനന്‍സ് ഗ്രാന്റ് 118 ലക്ഷം, സോഷ്യല്‍ മീഡിയ ഏഴ് ലക്ഷം, യൂണിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആന്‍ഡ് മെമെന്റോ ഏഴ് ലക്ഷം തുടങ്ങി വിവിധ ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്.
80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉള്‍പ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബോണസ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ തുക അധികമായി കണ്ടെത്തുമെന്ന് പി.പി. ചിത്തരഞ്ജന് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: