കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ നിയോജക മേഖലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് വോട്ടുകുറഞ്ഞ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലുപടവന്‍ രാജിവെച്ചു. എന്നാല്‍ രാജി ലഭിച്ചിട്ടുണ്ടെന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു അറിയിച്ചു. ഇടതുപക്ഷത്തോടു ചേര്‍ന്നതില്‍ അപ്രീതിയുള്ളവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്തില്ലെന്നും തോല്‍വിയുടെ കാരണങ്ങളിലൊന്ന് അതാണെന്നും ബിജു അഭിപ്രായപ്പെട്ടു. തന്റെ പ്രവര്‍ത്തന പരിധിയിലുള്ള പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചാഴിക്കാടന് വോട്ട് കുറഞ്ഞാല്‍ സ്ഥാനത്ത് തുടരില്ലെന്ന് ബിജു നേരത്തെ പറഞ്ഞിരുന്നു. പാലാ നഗരസഭ പരിധിയില്‍ പോലും 12459 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏതിര് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
പിണറായി സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും കമ്മ്യൂണിസ്റ്റുകാരോട് ചേര്‍ന്നത് ഇഷ്ടപ്പെടാത്ത മാണിഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം മാറി ചിന്തിച്ചതുമാണ് പരാജയകാരണമെന്ന് പാലുപടവന്‍ ചൂണ്ടിക്കാട്ടി.
അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങാത്ത പക്ഷം നല്ലൊരു പങ്ക് പ്രവര്‍ത്തകര്‍ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറുമെന്നാണ് അറിയുന്നത്. ജോസ് കെ മാണിയുടെ പ്രവര്‍ത്തന രീതിയോടുള്ള വിയോജിപ്പും കമ്മ്യൂണിസ്റ്റ് കക്ഷികളുടെ കൂടെ ഏറെക്കാലം തുടരാനാവില്ലെന്ന തോന്നലുമാണ് ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: