ബെംഗളൂരു: അനധികൃത പണമിടപാട് കേസിൽ കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവെച്ചു. ആദിവാസി ദളിത് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് രാജി. സർക്കാർ ജീവനക്കാരന്റെ ആത്മഹത്യയെ തുടർന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെയാണ് രാജി. മന്ത്രിയുടെ പേരെഴുതി വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി. ചന്ദ്രശേഖരന്റെ ആത്മഹത്യയാണ് കർണാടക രാഷട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത്. മേയ് 26-നായിരുന്നു ചന്ദ്രശേഖരൻ ജീവനൊടുക്കിയത്. തട്ടിപ്പിന്റെ ഉത്തരവാദികൾ ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ചിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് പോലീസ് കേസെടുക്കുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദളിതർക്കും ആദിവാസികൾക്കുംവേണ്ടി പ്രവർത്തിക്കുന്നതിന്റെ മറവിൽ കോൺഗ്രസ് നേതാക്കൾ അഴിമതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. ദളിതരെയും ആദിവാസികളെയും പറ്റിച്ചാണ് കോൺഗ്രസ് പല സംസ്ഥാനങ്ങളിലും സീറ്റ് നേടിയതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: