ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു സാക്ഷികളാകാന്‍ ലോക നേതാക്കളും. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, മൗറീഷ്യസ് രാഷ്ട്ര നേതാക്കള്‍ ചടങ്ങിനെത്തും.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇവരെ നേരിട്ടു ക്ഷണിക്കുകയായിരുന്നു.
ഷെയ്ഖ് ഹസീന ഇന്നുച്ചയ്ക്കുശേഷം ദല്‍ഹിയിലെത്തും. ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് എന്നിവരെയും ക്ഷണിക്കും.
2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് ക്ഷണിച്ചിരുന്നത്. അയല്പക്കം ആദ്യമെന്ന നയത്തിന്റെ ഭാഗമായിരുന്നു അത്.
2019ല്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന് (ബിംസ്റ്റെക്) നേതാക്കളെയാണ് ക്ഷണിച്ചത്. ഭാരതത്തിനുപുറമേ ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മര്, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്ഡ് രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: