ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. പ്രമുഖര്‍ ടെലിഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനം അറിയിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ജനാധിപത്യത്തിന്റെയും ജനാധിപത്യലോകത്തിന്റെയും വിജയമാണിതെന്ന് പ്രധാനമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. ആഗോളനന്മയ്ക്കായി ഭാരതവും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും കൂട്ടായ പ്രവര്‍ത്തനം തുടരാനും ഇരുനേതാക്കളും തമ്മില്‍ ധാരണയായി. ഐസിസി ടി 20 ക്രിക്കറ്റ് ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി ജോ ബൈഡന് ആശംസകള്‍ അറിയിച്ചു.
മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ ഭാരതവും ബ്രിട്ടനും തമ്മില്‍ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചുറപ്പിച്ചു. ബ്രിട്ടനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്നതിന്, തുടര്‍ന്നും ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചു. 2024ല്‍ ബ്രിക്സ് അധ്യക്ഷപദത്തിലുള്ള റഷ്യയുടെ പ്രസിഡന്റ് പുടിന് നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
2024ലും അതിനുശേഷവും ഭാരതവുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അഭിനന്ദനം അറിയിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി.
2023 ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനവും കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി മോദി സംഭാഷണത്തിനിടെ ഓര്‍മിപ്പിച്ചു. ഭാരത-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും പങ്കിടുന്ന മുന്‍ഗണനകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢമായ പ്രതിബദ്ധത നരേന്ദ്ര മോദി ആവര്‍ത്തിച്ചു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് ആന്റണി അല്‍ബനീസ് എക്സില്‍ കുറിച്ചു. ഓസ്ട്രേലിയയും ഭാരതവും അടുത്ത സുഹൃത്തുക്കളാണ്, ശക്തമായ തന്ത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
തുടര്‍ച്ചയായ മൂന്നാം ഭരണകാലത്തിന് ഫ്രഞ്ച് റിപ്പബ്ലിക്ക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മോദിയെ അഭിനന്ദിക്കുകയും ആശംസ നേരുകയും ചെയ്തു.
ഭാരതവും ഫ്രാന്‍സും തമ്മിലുള്ള ശക്തവും വിശ്വസനീയവുമായ തന്ത്രപരമായ പങ്കാളിത്തം വരുംവര്‍ഷങ്ങളില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുന്നുവെന്നതിന് ഇരുനേതാക്കളും അടിവരയിടുകയും ചെയ്തു. ‘ഹൊറൈസണ്‍ 2047’ മാര്‍ഗരേഖയിലെ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചു. ചരിത്രപരമായ ഡി-ഡേയുടെ 80-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മാക്രോണിന് ആശംസകള്‍ അറിയിച്ചു. വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനും പാരാലിമ്പിക്സിനും അദ്ദേഹം ആശംസകള്‍ അറിയിച്ചു.
വികസിത് ഭാരത് 2047, സ്മാര്‍ട്ട് ബംഗ്ലാദേശ് 2041 എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ചരിത്രപരവും ഏറെ അടുപ്പമുള്ളതുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതവും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തോടെ തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതജനതയുടെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് ആശംസ നേര്‍ന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ വോട്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് പറഞ്ഞു. ഭാരതവും മൗറീഷ്യസും തമ്മിലുള്ള സവിശേഷ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന ദീര്‍ഘകാല ഉഭയകക്ഷി സഹകരണവും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള കരുത്തുറ്റ ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.
ഭാരതത്തിലെ ജനാധിപത്യത്തെയും ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെയും യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ ബഹുമുഖവും ദൃഢവുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും തായ്ലന്ഡ് പ്രധാനമന്ത്രി ശ്രെത്ത തവിസിന് നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധത്തിനു കൂടുതല്‍ കരുത്തേകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രതിബദ്ധത നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: