കൊല്‍ക്കത്ത: കരിയറിനോട് വിടപറയാനിറങ്ങിയ ഭാരത ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്കും ഭാരത ടീമിനും സമനിലയുടെ ആശ്വാസം. മികച്ച കളിയാണ് കുവൈത്ത് താരങ്ങള്‍ പുറത്തെടുത്തത്. എണ്ണം പറഞ്ഞ ഗോളവസരങ്ങള്‍ ഭാരതവും സൃഷ്ടിച്ചു. പക്ഷെ ഇരു ടീമുകളുടെ വലയിലേക്ക് പന്തെത്തിയില്ല. ഇതോടെ ആദ്യ കളിയില്‍ ഗോള്‍ നേട്ടത്തോടെ തുടങ്ങിയ സുനില്‍ ഛേത്രി കരിയറിലെ അവസാന കളിയില്‍ ഗോളില്ലാതെ മടങ്ങേണ്ടിവന്നു.
മത്സരം സമനിലയിലായതോടെ യോഗ്യതാ ഗ്രൂപ്പ് എയില്‍ ഭാരതത്തിന്റെ രണ്ടാം സ്ഥാനത്തിന് മാറ്റമില്ലാതെ തുടരുകയാണ്. ഒന്നാമതുള്ള കരുത്തരായ ഖത്തറിന്റെ 12 പോയിന്റിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് പോയിന്റാണ് ഭാരതത്തിനുള്ളത്. ഇന്നലത്തെ മത്സരത്തോടെ ഭാരതത്തിന്റെ ഹോം മാച്ചുകള്‍ അവസാനിച്ചു. ലോകകപ്പ് യോഗ്യതയുടെ മൂന്നാം ഘട്ടത്തിലേക്ക് മുന്നേറാന്‍ ഭാരതത്തിന്റെ സാധ്യത ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണ്. ജയിച്ചിരുന്നെങ്കില്‍ ഏറെക്കുറേ ഉറപ്പിക്കാമായിരുന്നു. പക്ഷെ ഇനി എവേ മത്സരങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് ഗൗരവമായി കാണണം.
മത്സരശേഷം കൊല്‍ക്കത്തയിലെ വിഖ്യാതമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം ഏറെ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സുനില്‍ ഛേത്രി കണ്ണീരോടെ സ്‌റ്റേഡിയത്തിനകത്ത് മൈതനം വലംവച്ചു. താരത്തിന്റെ അവസാന തത്സമയ മത്സരം കാണാനെത്തിയ ആള്‍ക്കൂട്ടങ്ങളില്‍ പലരും വിതുമ്പുന്നുണ്ടായിരുന്നു. നന്ദി ക്യാപ്റ്റന്‍, ലീഡര്‍, ലെജന്‍ഡ് എന്നെല്ലാം വാഴ്‌ത്തിക്കൊണ്ടുള്ള കൂറ്റന്‍ ബാനറുകള്‍ ഗാലറിയില്‍ വിരിച്ചുവച്ച് ആരാധകര്‍ ഛേത്രിയുടെ യാത്രയയപ്പിന് ശോഭയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: