ഗയാന: നാല് ഓവര്‍, നാല് റണ്‍സ്, രണ്ട് വിക്കറ്റ്… നാല്പത്തിമൂന്നുകാരന് ഫ്രാങ്ക് എന്‍സുബ എറിഞ്ഞുകയറിയത് ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍.
കുട്ടിക്രിക്കറ്റിലെ കുട്ടികള്‍ തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ പാപുവ ന്യു ഗിനിയയെ മൂന്ന് വിക്കറ്റിന് തോല്പിച്ച ഉഗാണ്ടയുടെ ചരിത്രവിജയത്തിന്റെ താക്കോല്താരമാണ് എന്‍സുബ. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറച്ച് റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ എന്ന റിക്കാര്ഡുമായാണ്ഫ്രാങ്ക് എന്‍സുബുഗ ആദ്യമത്സരത്തില്‍ കളം വിട്ടത്. എറിഞ്ഞ നാല് ഓവറില്‍ രണ്ടെണ്ണം മെയ്ഡന്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യു ഗിനിയ 19. 1 ഓവര്‍ ബാറ്റ് ചെയ്തിട്ടും നേടാനായത് 77 റണ്‍സ് മാത്രം. അതിനിടയില്‍ എല്ലാവരും പുറത്തായി. 15 റണ്‍സെടുത്ത ഹിരി ഹിരിയാണ് ടോപ് സ്കോറര്‍. ലെഗ സയ്ക, കിപ്ലിങ് ഡൊറിഗ എന്നിവര്‍ 12 റണ്‍സ് വീതമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ടയുടെ ഗതിയും സമാനമായിരുന്നു. 26 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ ഉഗാണ്ടയെ 33 റണ്‍സെടുത്ത റിയാസത്ത് അലി ഷായാണ് രക്ഷിച്ചത്. ജുമാ മിയാഗിയുമായി (13) ആറാം വിക്കറ്റില്‍ 35 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് റിയാസത്ത് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 18.2 ഓവറിലാണ് ഉഗാണ്ട മത്സരം ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: