തൃശ്ശൂര്‍: തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ബലിയാടാക്കി തലയൂരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. മുരളീധരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ജോസ് വള്ളൂരിനെ മാറ്റാനാണ് നീക്കം.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. മുരളീധരന് ദയനീയമായി തോല്‍ക്കുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് ഡിസിസിയുടെ കഴിവുകേടായാണ് നേതൃത്വം കരുതുന്നത്.
കെ. മുരളീധരന് തന്നെ ഡിസിസി പ്രസിഡന്റിനും സിറ്റിങ് എംപി ടി.എന്‍. പ്രതാപനും എതിരെ രംഗത്ത് വന്നു. ഇവരുടെ പേര് പരാമര്‍ശിച്ച് കെ.സി. വേണുഗോപാലിനോട് പരാതിയും പറഞ്ഞിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ സ്ഥാനത്തുനിന്ന് മാറ്റുക എന്നതാണ് നേതൃത്വം ആലോചിക്കുന്നത്. കെ. സുധാകരന്റെ ആളായാണ് ജോസ് വള്ളൂര്‍ ഡിസിസി പ്രസിഡന്റ് പദത്തിലെത്തിയത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോസിനെ സംരക്ഷിക്കാന്‍ സുധാകരനും സാധിക്കില്ല. ടി.എന്‍. പ്രതാപനും ജോസ് വള്ളൂരിനുമെതിരെ മണ്ഡലത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജോസ് വള്ളൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസിനുമുന്നില്‍ ഇന്നലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസം ജോസിനും പ്രതാപനും എതിരെ ഡിസിസിയുടെ മതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: