തിരുവനന്തപുരം: നേമം മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തൃശ്ശൂരില്‍ നടത്തിയ സംയുക്ത നീക്കത്തിന് ജനങ്ങള്‍ നല്കിയ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് അവിടെയുണ്ടായ ദയനീയ പരാജയത്തിന് കാരണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കഴിഞ്ഞ തവണത്തെക്കാള്‍ 89000 ലധികം വോട്ടാണ് തൃശ്ശൂരില്‍ കോണ്‍ഗ്രസിന് കുറഞ്ഞത്. ഇതിന്റെ പരിഭ്രാന്തി മറയ്ക്കാന്‍ നടത്തുന്ന ‘ബിജെപി ഡീല്‍’ എന്ന അധിക്ഷേപ പ്രസ്താവന പിന്‍വലിച്ച് രമേശ് ചെന്നിത്തലയും എം.എം. ഹസനും തങ്ങള്‍ക്കേറ്റ തിരിച്ചടിയെക്കുറിച്ച് പറയണമെന്നും വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ദേശീയ ജനാധിപത്യസഖ്യത്തിന് തിളക്കമാര്‍ന്ന രാഷ്ട്രീയ വിജയമാണുണ്ടായത്. എന്‍ഡിഎയെ വിജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മടിയില്ലെന്നതിന്റെ സൂചനയാണിത്. ഇത് കേവലം സാമ്പിള്‍ വെടിക്കെട്ടാണ്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യഥാര്‍ത്ഥ പൂരത്തിന്റെ വെടിക്കെട്ട് കാണാനിരിക്കുന്നതേയുള്ളു. എന്‍ഡിഎക്ക് തൃശ്ശൂരില്‍ വിജയവും കേരളത്തില്‍ നാലു ശതമാനം വോട്ടിന്റെ വര്‍ധനയും ഉണ്ടായി. ആറുലക്ഷത്തിലധികം വോട്ടുകളാണ് വര്‍ധിച്ചത്. എന്നാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിലും കുറവുണ്ടായി.
അവരുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ എന്‍ഡിഎക്ക് ലഭിച്ചു. അവരുടെ കോട്ടകൊത്തളങ്ങളില്‍ വലിയ വിള്ളലുണ്ടായി. ഇത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറ്റും.
സിപിഐയുടെ സമുന്നത നേതാവിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ സിപിഎം കോണ്‍ഗ്രസുമായി ഡീലുണ്ടാക്കില്ലെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ട് ഇവിടെ ലഭിച്ചിട്ടില്ല. പന്ന്യന്‍ രവീന്ദ്രനോട് സിപിഎം ഈ കൊടുംചതി ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: