പത്ത് വര്‍ഷത്തെ ഭരണത്തിനുശേഷവും രാജ്യത്ത് അധികാരത്തുടര്‍ച്ചയ്ക്കുള്ള ജനവിധി ലഭിച്ചതിന് ജനങ്ങളെ വണങ്ങുകയും, ബിജെപിയെയും എന്‍ഡിഎ സഖ്യത്തെയും വിജയത്തിലെത്തിക്കാന്‍ കഠിന പ്രയത്നം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറന്നതിനെ പ്രത്യേകം എടുത്തുപറയുകയുണ്ടായി. ജനങ്ങള്‍ക്കൊപ്പം നിന്ന ഞങ്ങളുടെ പ്രവര്‍ത്തകര്‍ വളരെയധികം ബലിദാനങ്ങള്‍ നല്‍കിയെന്നും, തലമുറകളായി അവര്‍ കാത്തിരിക്കുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാണ്. ‘വര്‍ഷങ്ങളെടുത്തു എന്നല്ല ഞാന്‍ പറയുന്നത്, തലമുറകളായി അവര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിന് അവസാനം ഫലമുണ്ടായിരിക്കുന്നു.’ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ഇങ്ങനെ വികാരഭരിതനായത്. കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ജനതാ ഭരണകാലത്ത് അന്നത്തെ ജനസംഘത്തിന് സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടായിട്ടും കേരളത്തില്‍നിന്ന് പാര്‍ട്ടിക്ക് ഒരു എംപിയുണ്ടായിരുന്നില്ല. പിന്നീട് വി.പി.സിങ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചപ്പോഴും സ്വന്തമായി ഒരു എംപിയെ കേരളത്തില്‍നിന്ന് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ആറ് വര്‍ഷം നീണ്ട വാജ്പേയിയുടെ ഭരണകാലത്തും ലോക്സഭയില്‍ കേരളത്തില്‍നിന്ന് ബിജെപിക്ക് പ്രാതിനിധ്യമുണ്ടായില്ല. കേന്ദ്രത്തില്‍ ഭരണം ലഭിക്കാത്തതാണ് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതെന്ന വാദം വാജ്പേയി ഭരണകാലത്തു തന്നെ അപ്രസക്തമാവുകയുണ്ടായി.
വാജ്പേയി ഭരണകാലത്തും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷക്കാലത്തും ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത പാര്‍ലമെന്റംഗമായ ഒരാള്‍ ബിജെപിക്ക് ഇല്ലായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭാ എംപിമാരായവര്‍ കേരളത്തിന്റെ പ്രതിനിധികളാവുകയും കേന്ദ്രമന്ത്രിമാരാവുകയും കേരളത്തിനുവേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്യുകയുമുണ്ടായി. എന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. നിരാശപ്പെടുത്തുന്ന ഈ ചരിത്രമാണ് തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തിളങ്ങുന്ന വിജയം നേടിയ സുരേഷ് ഗോപി തിരുത്തിക്കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് തൃശൂര്‍ മണ്ഡലത്തില്‍ ജയസാധ്യതയുണ്ടെന്നു വന്നതോടെ തുടക്കം മുതല്‍ തന്നെ ഹീനമായ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നിന്നു. സിറ്റിങ് എംപിയായ ടി.എന്‍. പ്രതാപനെ മാറ്റി വടകര എംപിയായ കെ. മുരളീധരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് സുരേഷ് ഗോപിയെ എങ്ങനെയെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഒരു നിലവാരവുമില്ലാത്ത പ്രചാരണമാണ് മുരളീധരന് തുടക്കംമുതല്‍ നടത്തിയത്. തൃശൂര്‍കാരനെന്ന അനുകൂല ഘടകം മുന്‍നിര്‍ത്തി വി.എസ്. സുനില്‍ കുമാറിനെ എല്‍ഡിഎഫ് രംഗത്തിറക്കിയതും സംഘിയും ‘വരുത്തനുമായ’ സുരേഷ് ഗോപിയെ തോല്‍പ്പിക്കാനായിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഇവിടെ നടത്തിയത് ഒരുതരം സൗഹൃദ മത്സരമായിരുന്നു. തങ്ങളിലാരു തോറ്റാലും ബിജെപി ജയിക്കരുതെന്ന ആഗ്രഹം മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്.
തൃശൂരില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായതെങ്കിലും ആറ്റിങ്ങല്‍ മണ്ഡലത്തിലും തിരുവനന്തപുരം മണ്ഡലത്തിലും ജയത്തോടടുത്ത പരാജയമാണ് പാര്‍ട്ടിക്ക് സംഭവിച്ചത്. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും തോല്‍പ്പിക്കാന്‍ അന്തിമഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ചിട്ടുണ്ടെന്നു വ്യക്തം. തങ്ങള്‍ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടാലും ബിജെപി ജയിക്കരുതെന്ന വികാരമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തെ ഭരിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും, നേമം-വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഇതേ തന്ത്രമാണ് എല്‍ഡിഎഫും യുഡിഎഫും പയറ്റിയത്. ഒ. രാജഗോപാല്‍ ജയിച്ച നേമം മണ്ഡലത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് ഒരേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഈ അധാര്‍മിക രാഷ്ട്രീയത്തിനേറ്റ കനത്തതിരിച്ചടിയാണ് തൃശൂരിലെ ബിജെപിയുടെ വിജയം. ബിജെപിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണകളാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രചരിപ്പിച്ചത്. മണിപ്പൂര്‍ പ്രശ്നം പര്‍വ്വതീകരിച്ച് മതന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുക്കാതിരിക്കാന്‍ കഴിയാവുന്നതൊക്കെ ഈ പാര്‍ട്ടികള്‍ ചെയ്തു. എന്നാല്‍ തൃശൂരില്‍ ഇത് പരാജയപ്പെടുകയായിരുന്നു. ഇതുകൊണ്ടുതന്നെ സുരേഷ് ഗോപി നേടിയിരിക്കുന്നത് പത്തരമാറ്റ് വിജയമാണ്. ബിജെപിക്ക് ഇത് നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. വരുംനാളുകളില്‍ വന്‍ മുന്നേറ്റങ്ങള്‍ നടത്താനുള്ള ഊര്‍ജം ബിജെപിക്ക് ലഭിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: