തിരുവനന്തപുരം: 1968 ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്കി. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്‌ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്കല്‍ തുടങ്ങിയവയാണ് പ്രധാന ഭേദഗതികള്‍.
നിലവില്‍ 9 മുതല്‍ 12 ശതമാനം വരെയാണ് നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത്. നിയമഭേദഗതി വരുന്നതോടെ പലിശ കുറയ്‌ക്കാനുള്ള ഇടപെടല്‍ നടത്താനാകും. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ച ഭൂമി വില്‍ക്കാന്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാനും ഭേദഗതി വരുത്തുന്നുണ്ട്. റവന്യൂ റിക്കവറി ആരംഭിച്ച് ഭൂമി വില്‍കാന്‍ മുഴുവന്‍ പണവും അടച്ചാല്‍ മാത്രമേ വില്പന നടത്താനാകൂ. ഭൂമി വില്‍ക്കാന്‍ ഉടമസ്ഥനും വാങ്ങുന്ന ആളും കരാര്‍ ഉണ്ടാക്കി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കിയാല്‍ എക്‌സിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കും. പ്രമാണം രജിസ്റ്റര്‍ ചെയ്യും മുമ്പേ വാങ്ങുന്ന ആള്‍ അതുവരെയുള്ള പലിശ സഹിതം പണം അടയ്‌ക്കണമെന്നതാണ് മറ്റൊരു ഭേദഗതി.
ജപ്തിക്ക് സ്റ്റേ നല്കാനോ തവണകളാക്കി അടയ്‌ക്കാനുള്ള സൗകര്യം നല്കാനോ സര്‍ക്കാരിന് നിയമപരമായി അനുമതിയില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ ജപ്തി നടപടി സ്റ്റേ ചെയ്യാനും തുക തവണകളാക്കി അടയ്‌ക്കാനുമുള്ള അനുമതി റവന്യൂ വകുപ്പിന് നല്കുന്നതിനും ഭേദഗതി വരുത്തുന്നുണ്ട്. ബാങ്കുകള്‍ ലേലം ചെയ്യുന്ന ഭൂമി ഒരു രൂപ നല്കി ഏറ്റെടുത്ത് അഞ്ചുവര്‍ഷം ഉടമസ്ഥന് സാവകാശം നല്കുന്നതിനുള്ള ഭേദഗതിയുമുണ്ട്. ഈ ഭൂമി അഞ്ചുവര്‍ഷം വരെ മറ്റ് ക്രയവിക്രയങ്ങള്‍ക്ക് അനുവദിക്കില്ല. അതിനുള്ളില്‍ ഉടമസ്ഥന് അതുവരെയുള്ള പലിശ അടച്ച് റവന്യൂ റിക്കവറി ഒഴിവാക്കാനാകുന്ന തരത്തിലാണ് വ്യവസ്ഥ. ബില്‍ 10ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക