കോഴിക്കോട്: ഭരണ വിരുദ്ധ വികാരത്തോടൊപ്പം മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണവും യുഡിഎഫിന്റെ മുന്നേറ്റത്തിന് സഹായകരമായി. ഇരു മുന്നണികളും മുസ്ലിം വോട്ടു ബാങ്കിനെ ലക്ഷ്യമിട്ട് നടത്തിയ പ്രീണന പ്രചാരണത്തിന്റെ ഫലം കൊയ്തത് കോണ്‍ഗ്രസ് ആണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മൂന്നാം തവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന വ്യാജ പ്രചാരണത്തിന് മുന്‍കൈയെടുത്തത് സിപിഎമ്മായിരുന്നു. ഭീതി പടര്‍ത്തുന്ന കടുത്ത വര്‍ഗീയ പ്രചാരണത്തിന് സംസ്ഥാന കേന്ദ്ര നേതാക്കള്‍ നേതൃത്വം നല്കി.
മുത്തലാഖ് നിരോധന ബില്‍, പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സിപിഎം മുസ്ലിം കേന്ദ്രങ്ങളില്‍ കടുത്ത വിദ്വേഷ പ്രചാരണമാണ് നടത്തിയത്. പ്രത്യേക സമ്മേളനങ്ങള്‍ തന്നെ സിപിഎം സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തി. പലസ്തീന് ഐക്യദാര്‍ഢ്യ റാലികളും രാത്രികാല റാലികളും മലബാര്‍ മേഖലയില്‍ പതിവായി. ഭരണഘടനാ സംരക്ഷണ വേദിയെന്ന പേരില്‍ നടത്തിയ സമ്മേളനങ്ങള്‍ മുസ്ലിം സാമുദായിക വോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു.
തെരഞ്ഞെടുപ്പിനോടടുത്ത് സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം പരസ്യം നല്കിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. പൊന്നാനിയില്‍ കെ.എസ്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഇ.കെ. സുന്നി വിഭാഗത്തെ പ്രീണിപ്പിക്കാനാണ്. എസ്ഡിപിഐ കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും സിപിഎം നേതാക്കള്‍ പങ്കെടുത്തു. വിദ്വേഷ- പ്രീണന പ്രചാരണത്തിലൂടെ മുസ്ലിം സമുദായത്തില്‍ അകാരണമായ ഭീതി വളര്‍ത്തുന്നതില്‍ സിപിഎം വിജയിച്ചു. എന്നാല്‍ ഇതിന്റെ ഫലം തന്ത്രപൂര്‍വം കൊയ്തത് കോണ്‍ഗ്രസായിരുന്നു. ദേശീയ തലത്തില്‍ സിപിഎം വട്ടപൂജ്യമാണെന്നും മുസ്ലിം താല്പര്യങ്ങള് സംരക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നുമുള്ള പ്രചാരണം ലക്ഷ്യം കണ്ടു.
വടകരയില്‍ കെ. മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതും കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു. കെ. മുരളീധരന് കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്തമായ പ്രചാരണ രീതികളാണ് ഇത്തവണ വടകരയില്‍ ഉണ്ടായത്. ലീഗിന്റെ വേദികളിലോ പരിപാടികളിലോ പങ്കെടുക്കാനനുവാദമില്ലാത്ത മുസ്ലിം വനിതകള്‍ കൂട്ടമായി യുഡിഎഫ് പ്രചാരണത്തിന്റെ മുന്‍നിരയിലെത്തി. വ്യാജ പ്രചാരണങ്ങളിലൂടെ സിപിഎം സൃഷ്ടിച്ച സാഹചര്യത്തെ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന്റെ പ്രീണന സമീപനത്തിന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: