തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മിന്നുംജയം നേടിയ സുരേഷ് ഗോപിക്ക് മണ്ഡലത്തില്‍ ഗംഭീരസ്വീകരണം നല്കാന്‍ ബിജെപി നേതൃത്വം. ഇന്ന് ഉച്ചയോടെ തൃശൂരിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും. നെടുമ്പാശേരിയില്‍ നിന്ന് കാര്‍ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ താരത്തിന് സ്വീകരണം നല്കും.
ഏഴുദിവസം ഏഴു മണ്ഡലങ്ങളില്‍ ആഘോഷ റാലിയും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം പദ്ധതിയിടുന്നത്. 74,686 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിനെ സുരേഷ്ഗോപി പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ദയനീയമായി പരാജയപ്പെട്ട് മൂന്നാമതായി. സുരേഷ് ഗോപിക്ക് 4,12,338 വോട്ട് ലഭിച്ചു. സുനില്‍കുമാറിന് 3,37,652, മുരളീധരന് 3,28,124 വോട്ടുകളും.
വിജയം തൃശ്ശൂരിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ സമ്മാനിക്കുകയാണ് ചെയ്തത്. അതു ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ഇനിയത് ശിരസിലേറ്റും. ജനങ്ങള്‍ക്കു വേണ്ടിയാകും പ്രവര്‍ത്തനം, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് സുരേഷ് ഗോപി വിജയിച്ചത്. ഒരുഘട്ടത്തില്‍ പോലും എതിരാളികള്‍ക്കു ലീഡ് മറികടക്കാനായില്ല. ഒന്നാം റൗണ്ടില്‍ത്തന്നെ മൂവായിരത്തോളം വോട്ടിനു മുന്നില്‍ വന്ന സുരേഷ് ഗോപി ഓരോ റൗണ്ടിലും ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു.
പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ ഗുരുവായൂരൊഴികെ ആറിടത്തും സുരേഷ് ഗോപി ലീഡ് ചെയ്തു. ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം.
ലീഡ് 20,000 കടന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ നമോഭവനിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. വിജയത്തിനു ചുക്കാന്‍പിടിച്ച ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവരും ഓഫീസിലുണ്ടായിരുന്നു.
ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ലീഡ് 50,000 പിന്നിട്ടപ്പോള്‍ മാധ്യമങ്ങളുടെ വന്‍നിരയുമെത്തി. വിജയമുറപ്പിച്ച നിമിഷം പ്രവര്‍ത്തകര്‍ മധുര വിതരണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: