തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. രണ്ടിടത്ത് മത്സരിച്ച് വിജയിച്ച രാഹുല്‍ വയനാട് എംപി സ്ഥാനം രാജിവച്ചാല്‍ അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ എന്നിവരാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാര്‍. ചട്ടം അനുസരിച്ച് സംസ്ഥാനത്തേയും കേന്ദ്രത്തിലേയും സഭകളില്‍ ഒരേസമയം പ്രാതിനിധ്യം അനുവദനീയമല്ല. അതിനാല്‍ തന്നെ ഏതെങ്കിലും ഒരുസ്ഥാനം രാജിവയക്കേണ്ടി വരും. തൃശ്ശൂര്‍ ചേലക്കരയില്‍ നിന്നും വിജയിച്ചാണ് കെ. രാധാകൃഷ്ണന് മന്ത്രിയായത്. സിപിഎമ്മിനെ സംബന്ധിച്ചടത്തോളം കേരളത്തില്‍ നിന്നുള്ള ഏക വിജയമാണ് ആലത്തൂരിലേത്. ചേലക്കര നഷ്ടപ്പെട്ടാല്‍ കേരളത്തില്‍ ഭരണ നഷ്ടം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ലോകസഭാംഗത്വം രാജിവയ്ക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുണ്ടാകും.
കോണ്‍ഗ്രസിന്റെ ഷാഫി പറമ്പലിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സുരേഷ് ഗോപിയെ തോല്പ്പിക്കാനായി കെ. മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റിയപ്പോള്‍ വടകര പിടിച്ചെടുക്കാനാണ് പാലക്കാട് എംഎല്‍എയായ ഷാഫിയെ കോണ്‍ഗ്രസ് നിയോഗിച്ചത്. ഷാഫി വടകര ജയിച്ചു. നിലവില്‍ രാജ്യത്താകെയുള്ള സീറ്റില്‍ ഒന്നുപോലും ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകില്ല. പാലക്കാട് നിയമസഭാ മണ്ഡലം നഷ്ടപ്പെട്ടാല്‍പോലും കേരളത്തിലെ പ്രതിപക്ഷത്തിന് കാര്യമായ നഷ്ടം സംഭവിക്കുകയുമില്ല. അതിനാല്‍തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കും. അതോടെ പാലക്കാടും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും.
വയനാട് ലോകസഭാ മണ്ഡലത്തിന് പുറമെ രാഹുല്‍ റായ്ബറേലിയിലും വിജയിച്ചിട്ടുണ്ട്. രാഹുലിനും ഏതെങ്കിലും ഒരുമണ്ഡലം ഉപേക്ഷിക്കേണ്ടിവരും. വയനാട് ഉപേക്ഷിച്ച് അവിടെ പ്രിയങ്കയെ മല്‍സരിപ്പിച്ചേക്കും. അങ്ങനെയെങ്കില്‍ വയനാടും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: