മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിപ്പിച്ച് എന്‍ഡിഎ. മുസ്ലിം ലീഗിന് വലിയ മേല്ക്കോയിമയുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെ എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ വോട്ടാണ് ഇക്കുറി ലഭിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.എം. അബ്ദുള്‍സലാമിന് 85361 വോട്ട് ലഭിച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 18,034 വോട്ടിന്റെ വര്‍ധന.
പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. നിവേദിത സുബ്രഹ്മണ്യന് 111754 വോട്ടാണ് നേടിയത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 1,151 വോട്ടിന്റെ വര്‍ധന.
രണ്ടു മണ്ഡലങ്ങളിലും ലീഗ് ഭൂരിപക്ഷം കൂട്ടി സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സിപിഎമ്മിന് വോട്ട് കുറഞ്ഞു. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിട്ടും ഇടതിന് കണക്കുകൂട്ടല്‍ തെറ്റി. പൊന്നാനിയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച മുന്‍ ലീഗുകാരന് കെ.എസ്. ഹംസയ്ക്ക് 303885 വോട്ടുമാത്രമാണ് ലഭിച്ചത്. 2019ല്‍ പി.വി. അന്‍വര്‍ നേടിയതിനേക്കാള്‍ 24,666 വോട്ടിന്റെ കുറവ്.
മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ത്ഥി വി. വസീഫ് നേടിയത് 3,43,888 വോട്ട് മാത്രമാണ്. 2021ല്‍ വി.പി. സാനു നേടിയതിനേക്കാള്‍ 71,139 വോട്ടിന്റെ കുറവ്. വി.പി. സാനു 4,15,027 വോട്ടാണ് നേടിയിരുന്നത്. സിഎഎ, പാലസ്തീന് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വര്‍ഗീയ സ്വഭാവത്തോടെ ഉയര്‍ത്തി മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിനാണ് തെരഞ്ഞെടുപ്പ് ഫലം ഇടതിന് തിരിച്ചടി നല്‍കിയത്.
സമസ്തയുടെ മുഖപത്രത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം നല്‍കിയും മുസ്ലിം വിഭാഗത്തോടൊപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു.
മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ 640269 വോട്ട് നേടി 298759 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പൊന്നാനിയില്‍ ഡോ.എം.പി. അബ്ദുസമദ് സമദാനിക്ക് 540403 വോട്ട് നേടി 236518 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: