കാസര്‍കോഡ്: കെട്ടിട നമ്പര്‍ അനുവദിക്കാനുള്ള മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പാടേ അവഗണിച്ചതായി പരാതി.
തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ബാലന് ആണ് ഇതുസംബന്ധിച്ചു നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വര്‍ഷങ്ങളായി റെയില്‍വേ അകല പ്രശ്നത്തിന്റെ പേരില്‍ കെട്ടിട നമ്പര്‍ നല്‍കാതെ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന് അതനുവദിച്ചു രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തു സെക്രട്ടറിക്ക് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തരവ് പ്രകാരം കെട്ടിട നമ്പറിനുള്ള അപേക്ഷ നല്കിയ തീയതിയുടെ കാലാവധി കഴിഞ്ഞിട്ടും യാതൊരു മറുപടിയും പഞ്ചായത്ത് അധികൃതര്‍ നല്കാതിരുന്നതിനാല് ബാലന് സെക്രട്ടറിയെ സമീപിച്ചു നമ്പറിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അകലം സംബന്ധിച്ച് വീണ്ടും ബോധ്യപ്പെടണമെന്നും രണ്ടു മാസം സമയമുണ്ടെന്നുമുള്ള മുടന്തന്‍ ന്യായങ്ങളുമായി ഈ വയോധികനോട് സെക്രട്ടറി തട്ടിക്കയറിയതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഉപജില്ലാ അദാലത്ത് സമിതിയടക്കം ഈ അടുത്ത കാലത്ത് ബാലന്റെ കെട്ടിടത്തിനു റെയില്‍വേ അതിരില്‍ നിന്ന് നിശ്ചിത അകലമുണ്ടെന്നു കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇതൊന്നും അംഗീകരിക്കാന്‍ ഈ ഉദ്യോഗസ്ഥന് തയ്യാറല്ലത്രെ.
2014 ലാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബാലന് കെട്ടിടാനുമതി നല്‍കിയത്. എന്നാല്‍ കെട്ടിട പെര്‍മിറ്റ് പിന്നീട് പുതുക്കുകയും 2019ല്‍ പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ നികുതിയടക്കം പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വയോധികന് പറയുന്നു. പഞ്ചായത്തിന്റെ തെറ്റു മൂലം വര്‍ഷങ്ങളായി അലയുന്ന ഈ സാധു മനുഷ്യന് നീതി നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ രണ്ടു മാസം വരെ സമയമുണ്ടെന്നുള്ള കാരണങ്ങള്‍ നിരത്തി അവഹേളിക്കുകയാണെന്നാണ് ബാലന്റെ ആരോപണം.
കെട്ടിട നമ്പര്‍ നല്കാന് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ പഞ്ചായത്ത് അനുമതി പ്രകാരം കെട്ടിടം പണിത് തനിക്കു വരുത്തിവെച്ച ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി കിട്ടണമെന്നും കമ്മിഷന് ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: