മുംബൈ: കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് റിയാസ് യൂസഫ് എന്‍ഐഎയുടെ പിടിയിലായത്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ 19 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.
നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ, കേസിലെ മുഖ്യപ്രതി മുസ്തഫ പൈച്ചാറിനെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് അഭയം നല്‍കിയിരുന്ന മണ്‍സൂര്‍ പാഷയും അറസ്റ്റിലായി.
ദക്ഷിണ കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് ആയിരുന്നു നെട്ടാരു. 2022 ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ബെല്ലാരി ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 20 പേരെ പ്രതികളാക്കി ജനുവരിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രദേശത്ത് ഭീതി പടര്‍ത്താനും സാമുദായിക അന്തരീക്ഷം തകര്‍ക്കാനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഗൂഢാലോചന നടത്തി, പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: