ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഐതിഹാസികമായ ഒരു തെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവന്നിരിക്കുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷകളും കണക്കുകൂട്ടലുകളും പൂര്‍ണമായും ശരിവയ്ക്കുന്ന ഒന്നല്ലെങ്കിലും വ്യക്തമായ ഒരു ജനവിധിയാണ് ഇതെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അറുപത് കോടിയിലേറെപ്പേര്‍ വോട്ടുചെയ്തു എന്നതുതന്നെ ഒരു ലോക റിക്കാര്‍ഡാണല്ലോ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ ആരോപണപ്രത്യാരോപണങ്ങള്‍ക്കപ്പുറം ജനവിധി അംഗീകരിക്കാനുള്ള മാന്യതയും പക്വതയും എല്ലാ പാര്‍ട്ടികളും കാണിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പ് പത്തുവര്‍ഷമായി രാജ്യം ഭരിച്ച എന്‍ഡിഎ സഖ്യത്തിന്റെ പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ല. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് ഇക്കുറി അത് ലഭിച്ചില്ലെന്നത് ഒരു വസ്തുതയാണ്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാണ്. എന്‍ഡിഎ സഖ്യത്തിന് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു. പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ പേരില്‍ നിരാശപ്പെടുകയോ നിഷ്ക്രിയരാവുകയോ ചെയ്യേണ്ട ആവശ്യം ബിജെപിക്കില്ല. ബിജെപിക്ക് രണ്ട് സീറ്റു മാത്രം ലഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പുണ്ടല്ലോ. 2004 ലും 2009 ലും ബിജെപിക്കും സഖ്യത്തിനും അധികാരം ലഭിച്ചില്ല. അങ്ങനെയൊരു സാഹചര്യം ഇപ്പോഴില്ല എന്നത് കാണാതിരിക്കരുത്. അതേസമയം ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും രാജസ്ഥാനിലുമൊക്കെ ബിജെപി പിന്നോട്ടു പോയതിന് പൊതുവായ കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അമിതമായ ആത്മവിശ്വാസം നേതാക്കളെയും അണികളെയും അലസരാക്കിയോ എന്നൊക്കെ സംശയിക്കാവുന്നതാണ്. പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
അധികാരത്തില്‍ മൂന്നാമൂഴത്തിന് ശ്രമിച്ച ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നേരിട്ടത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ ഇന്‍ഡി സഖ്യവും മാത്രമല്ല. ലോകരാഷ്ട്ര സമുച്ചയത്തില്‍ ഭാരതം ഉയര്‍ന്നുവരുന്നതിനെ അംഗീകരിക്കാത്ത വന്‍ശക്തികളും ഇതു ചെയ്തു. മോദിക്ക് മൂന്നാമൂഴം ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ ആയിരുന്നു ഈ വൈദേശിക ശക്തികള്‍. പലതരത്തില്‍ തങ്ങളുടെ എതിര്‍പ്പുകള്‍ ഇവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചൈന മാത്രമല്ല, അമേരിക്കയും ബ്രിട്ടനുമൊക്കെ ഇതിലുണ്ടായിരുന്നു. ഇവരുടെ താല്പ്പര്യത്തോട് ചേര്‍ന്നുപോവുന്ന പ്രചാരണമാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത്. ചില രാജ്യങ്ങള്‍ ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു എന്ന വാര്‍ത്തകള്‍ പോലും പുറത്തുവരികയുണ്ടായി. പ്രതിപക്ഷത്തെ ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, ചില പ്രാദേശിക കക്ഷികളും രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനെതിരെ നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പുരോഗതി ഉറപ്പുവരുത്തുകയുമല്ല, അധികാരമാണ് ഇക്കൂട്ടര്‍ ലക്ഷ്യം വച്ചത്. എന്തൊക്കെ അട്ടിമറികള്‍ നടത്തിയിട്ടാണെങ്കിലും അധികാരം പിടിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ മുന്നില്‍ കണ്ടത്. ഇതിനുവേണ്ടി മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വന്‍തോതില്‍ നടന്നു. ഇതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. ഈ പ്രവണതകളെ ചെറുക്കേണ്ടതുണ്ട്. പത്തുവര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്താനും ഉറപ്പുവരുത്താനും വികസനത്തെ മുന്നോട്ടു നയിക്കാനും ഇത് ആവശ്യമാണ്.
ബിജെപിക്ക് അന്യമാണെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ദക്ഷിണ സംസ്ഥാനങ്ങളില്‍ തിളക്കമാര്‍ന്ന വിജയമാണ് എന്‍ഡിഎ കൈവരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയം ബിജെപി നിലനിര്‍ത്തി. ആന്ധ്രയിലും തെലങ്കാനയിലും അപ്രതീക്ഷിത മുന്നേറ്റം എന്‍ഡിഎ നടത്തിയിരിക്കുന്നു. കേരളത്തില്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ബിജെപി നേടിയിട്ടുള്ള വിജയം ചരിത്രപരമാണ്. ഇന്‍ഡി സഖ്യത്തില്‍പ്പെടുന്ന എന്‍ഡിഎയിലെയും യുഡിഎഫിലെയും ഇരുപതിലേറെ കക്ഷികളെ നേരിട്ടാണ് സുരേഷ് ഗോപി ആധികാരികമായ വിജയം നേടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും പൊന്നാനിയിലും ആലത്തൂരും പാലക്കാടുമൊക്കെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായ വോട്ടുകള്‍ കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കും. ബിജെപിക്കും സംഘപരിവാറിനുമെതിരെ പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണത്തെ അതിജീവിച്ചാണ് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കുപ്രചാരണം ജനങ്ങളെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ബിജെപിക്ക് 400 സീറ്റു ലഭിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന കുപ്രചാരണം നല്ലൊരു വിഭാഗം വോട്ടര്‍മാരെ വഴിതെറ്റിച്ചു. തരംകിട്ടിയപ്പോഴൊക്കെ ഭരണഘടനയെ നിന്ദിച്ചവരും അട്ടിമറിച്ചവരുമാണ് ഈ കുപ്രചാരണം നടത്തിയത്. ഈ ശക്തികള്‍ ഇനിയും അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. അധികാരം ലഭിക്കാത്തതിന്റെ അമര്‍ഷവും രോഷവും പലതരത്തില്‍ പ്രകടിപ്പിച്ചെന്നിരിക്കും. മൂന്നാംവട്ടവും അധികാരം ലഭിച്ചിരിക്കുന്ന എന്‍ഡിഎ തികഞ്ഞ ജാഗ്രതയോടെ ഭരണം നടത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: