തൃശൂര്‍: 4,12338 വോട്ടുകളാണ് ഇക്കുറി സുരേഷ് ഗോപി പെട്ടിയിലാക്കിയത്. 2019ല്‍ സുരേഷ് ഗോപിയ്ക്ക് കിട്ടിയത് 2,93,822 വോട്ടുകള്‍ മാത്രമാണ്. എങ്ങിനെയാണ് 1,18,516 വോട്ടുകള്‍ കൂടുതലായി കിട്ടിയത്?
ഇടതുപക്ഷ കോട്ടകളില്‍ നിന്നും ബിജെപിയ്ക്ക് അനുകൂലമായി വോട്ടുകള്‍ ഒഴുകിയതായി പറയുന്നു. തൃശൂര്‍ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും സുരേഷ് ഗോപിയ്ക്ക് ലഭിച്ചതായി വിശകലനം ചെയ്യുന്നവര്‍ പറയുന്നു. അങ്ങിനെയല്ലാതെ സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ മണ്ഡലത്തില്‍ ഒന്നാമതാകാന്‍ കഴിയില്ലെന്നാണ് കരുതുന്നത്.
ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകള്‍ ചിതറിയിട്ടുണ്ട്. അവര്‍ ഒരേ സമയം കെ. മുരളീധരനും വി.എസ്. സുനില്‍കുമാറിനും വോട്ട് ചെയ്തത് സുരേഷ് ഗോപിക്ക് അനുഗ്രഹമായി മാറി. 74686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ ജയം.
മാടക്കത്തറ, താന്ന്യം, ചാഴൂര്‍ തുടങ്ങിയവ പരമ്പരാഗത ഇടത് കോട്ടകളായ മണ്ഡലങ്ങളാണ്. ഇവിടെ ബിജെപി മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടുകളിലെ വോട്ടെണ്ണുപ്പോള് എല്‍ഡിഎഫ് മുന്നേറുമെന്നും അതിന് ശേഷമുള്ള റൗണ്ടുകളില്‍ യുഡിഎഫ് മുന്നേറുമെന്നുമാണ് ഞങ്ങള്‍ കണക്ക് കൂട്ടിയതെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. പക്ഷെ അവരുടെ ഈ കണക്കുകൂട്ടില്‍ പിഴച്ചു. ആദ്യ റൗണ്ടുകളിലുള്ള മാടക്കത്തറ പോലുള്ള മണ്ഡലങ്ങള്‍ എണ്ണിയപ്പോള്‍ സുരേഷ് ഗോപിയ്ക്കും ധാരാളംവോട്ടുകള് ലഭിച്ചു. അതുകൊണ്ടാണ് ആദ്യ റൗണ്ട് മുതലേ സുരേഷ് ഗോപിയ്ക്ക് മുന്നിട്ടു നില്ക്കാന് കഴിഞ്ഞത്. ആദ്യ റൗണ്ടില്‍ തന്നെ 3000 വോട്ടുകള്‍ സുരേഷ് ഗോപി മുന്നിട്ട് നിന്നിരുന്നു.
വിഎസ് സുനില്‍കുമാര്‍ സ്വന്തം പഞ്ചായത്തിലും സ്വന്തം ബൂത്തിലും പിന്നോട്ട് പോയതായി ഇടത് പക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനര്‍ത്ഥം ഇടത് കോട്ടകളില്‍ നിന്നും സുരേഷ് ഗോപിയ്ക്ക് അനൂകൂലമായി വോട്ടുകള്‍ എത്തി എന്നാണ്.
മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്കും എല്‍ഡിഎഫിലേക്കും വിഭജിച്ച് പോയതിനാലാണ് നേമത്ത് താമരവിരിയിക്കാതെ ബിജെപിയെ പൂട്ടിയ പോലെ തൃശൂരില്‍ പൂട്ടാന്‍ കഴിയാതിരുന്നതെന്ന് കെ. മുരളീധരന് പറയുന്നു. നേമത്ത് മുസ്ലിം വോട്ടുകള്‍ മുഴുവനായി അന്ന് ശിവന്‍കുട്ടിക്ക് നല്‍കുകയായിരുന്നു. അത് തൃശൂരില്‍ നടന്നില്ല.
ഗുരുവായൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുരളീധരന് ലീഡ് നേടാന്‍ കഴിഞ്ഞത്. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിംലീഗിന്റെ സകലമന്ത്രിമാരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. ഇത് ഒരു പരിധി വരെ ന്യൂനപക്ഷസമുദായം ഒന്നടങ്കം മുരളീധരന് അനുകൂലമായി നീങ്ങിയതിനാലാണെന്ന് കരുതുന്നു. അതായത് യുഡിഎഫിന് അനുകൂലമായി അവിടെ ധ്രുവീകരണമുണ്ടായി.
മന്ത്രിമാരായ രാജന്, ബിന്ദു എന്നിവരുടെ മണ്ഡലങ്ങളായ ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങലില്‍ സുരേഷ് ഗോപി മുന്നേറി. കരുവന്നൂര്‍ പ്രശ്നമുണ്ടായ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 15000 വോട്ടുകള്‍ വരെ സുരേഷ് ഗോപി ഭൂരിപക്ഷം നേടി. ഒല്ലൂരിലും 20000 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായി. ഇതെല്ലാം ഇടത് വിരുദ്ധ തരംഗമുണ്ടായി എന്നതിന്റെ സൂചനയാണ്.
നാട്ടികയിലും സുരേഷ് ഗോപി മുന്നേറി. ഇത് തീരദേശ വോട്ടുകള്‍ ലഭിച്ചതിന്റെ സൂചനയാണ്. ടി.എന്‍. പ്രതാപന്റെ ശക്തമായ സാന്നിധ്യമുണ്ടായ മണ്ഡലത്തില്‍ സുരേഷ് ഗോപി കൂടുതല്‍ വോട്ടുകള്‍ നേടിയത്. 2019ല്‍ പ്രതാപന് 4,15,089 വോട്ടുകള്‍ പിടിക്കാന്‍ കഴിഞ്ഞത് ഈ തീരദേശ മണ്ഡലങ്ങളുടെ പിന്തുണ കാരണമാണ്. സുരേഷ് ഗോപിക്ക് അനുകൂലമായി ധീവര വോട്ടുകള്‍ പോയത് യുഡിഎഫില്‍ വലിയ സംശയങ്ങല്‍ ഉളവാക്കിയിട്ടുണ്ട്. ടി.എന്‍. പ്രതാപന് നേരെ സംശയത്തിന്റെ മുനകള്‍ നീളുകയാണ്. ഇതേക്കുറിച്ച് വിശദമായി പഠിക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് പ്രഖ്യാപിച്ചിരുന്നു.
ക്രിസ്ത്യന്‍ വോട്ടുകള്‍ പരമ്പരാഗതമായി കിട്ടിയിരുന്ന യുഡിഎഫിനും എല്‍ഡിഎഫിനും അത് പൂര്‍ണ്ണമായും പിടിക്കാന്‍ കഴിഞ്ഞില്ല. തനിക്ക് കിട്ടേണ്ട ചില മുന്നോക്ക സമുദായ വോട്ടുകള്‍ കിട്ടിയില്ലെന്ന പരാതിയും കെ. മുരളീധരന് ഉയര്‍ത്തുന്നു.
“ഇടത് പക്ഷത്തിന് ഇതിനേക്കാല്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ല. എന്നിട്ടും സുനില്‍ കുമാറിന് തൃശൂരില്‍ മണ്ഡലത്തില്‍ വോട്ടുകള്‍ കുറഞ്ഞു”.- കെ. മുരളീധരന് പറഞ്ഞു. പക്ഷെ ആകെ വോട്ടുകളുടെ കാര്യത്തില്‍ സുനില്‍ കുമാര്‍ നില മെച്ചപ്പെടുത്തിയെങ്കിലും വിജയിക്കാനായില്ല. 332000 വോട്ടുകളാണ് സുനില്‍ കുമാറിന് ലഭിച്ചത്. 2019ല്‍ സിപിഐയുടെ രാജാജി പിടിച്ചതിനേക്കാല്‍ കുടുതല്‍ വോട്ടുകള്‍ സുനില്‍കുമാറിന് ലഭിച്ചെങ്കിലും വിജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: