ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിട്ടും രാജ്യതലസ്ഥാനത്ത് താരം ബിജെപി തന്നെ. പതിവു പോലെ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടി. 2014 മുതല്‍ ദല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിക്കുന്നത്. 54.24 ശതമാനം വോട്ടുകളോടെയാണ് ബിജെപിയുടെ ദല്‍ഹിയിലെ വിജയം.
കനത്ത മത്സരം നടന്ന ഏക മണ്ഡലം ചാന്ദ്നി ചൗക്ക് ആയിരുന്നു. ഇവിടെ കോണ്‍ഗ്രസിന്റെ ജയ്പ്രകാശ് അഗര്‍വാള്‍ ആദ്യഘട്ടങ്ങളില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് ബിജെപിയുടെ പ്രവീണ്‍ ഖണ്ഡേവാള്‍ മുന്നിലേക്കെത്തി. ഒടുവില്‍ 90,000 വോട്ടുകള്‍ക്കാണ് ബിജെപി ഇവിടെ വിജയിച്ചത്.
ന്യൂദല്‍ഹി മണ്ഡലത്തില്‍ ബാന്‍സുരി സ്വരാജ് 77,432 വോട്ടുകള്‍ക്കാണ് ആപ്പ് നേതാവ് സോമനാഥ് ഭാരതിയെ പരാജയപ്പെടുത്തിയത്. തോറ്റാല്‍ തല മൊട്ടയടിക്കുമെന്നായിരുന്നു സോമനാഥ് ഭാരതിയുടെ പ്രഖ്യാപനം. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷനും സിറ്റിങ് എംപിയുമായ മനോജ് തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ പരാജയപ്പെടുത്തി. ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ക്കാണ് മനോജ് തിവാരി ഇവിടെ വിജയിച്ചത്.
വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലാണ് ബിജെപിയുടെ ഏറ്റവും വലിയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉദിത് രാജിനെ ബിജെപിയുടെ യോഗേന്ദ്ര ചന്ദോലിയ രണ്ടേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പടിഞ്ഞാറന്‍ ദല്‍ഹിയില്‍ ബിജെപിയുടെ കമല്‍ജീത് ഷെരാവത്ത് ആപ്പിന്റെ മഹാബല്‍ മിശ്രയെ 1.78 ലക്ഷം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. സൗത്ത് ദല്‍ഹിയില്‍ ബിജെപിയുടെ രാംവീര്‍സിങ് ബുധൂരിയുടെ വിജം ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ്. ആപ്പിന്റെ സഹിറാം ഇവിടെ പരാജയപ്പെട്ടു. ആപ്പ് വിജയം ഉറപ്പിച്ചെന്ന് അവകാശപ്പെട്ട കിഴക്കന്‍ ദല്‍ഹിയില്‍ അവരുടെ കുല്‍ദീപ് കുമാറിനെ 82,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മല്‍ഹോത്ര പരാജയപ്പെടുത്തിയത്.
പഞ്ചാബിലും ആപ്പിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഹോഷിയാര്‍പൂര്‍, ആനന്ദ്പൂര്സാഹിബ്, സംഗ്രൂര്‍ സീറ്റുകളില്‍ മാത്രമാണ് ആപ്പിന് വിജയം. ബിജെപി സഖ്യമുപേക്ഷിച്ച് മത്സരിച്ച ശിരോമണി അകാലിദളിന്റെ വിജയം അവരുടെ കോട്ടയായ ബത്തിന്‍ഡയില്‍ മാത്രമൊതുങ്ങി. മുന്‍കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ അരലക്ഷം വോട്ടിന് ഇവിടെ വിജയിച്ചു. തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിയാവാനെത്തിയ അരവിന്ദ് കേജ്രിവാളിന്റെ ആപ്പ് വെറും മൂന്നു സീറ്റിലേക്ക് ഒതുങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ മത്സരിച്ചെങ്കിലും പഞ്ചാബില്‍ മാത്രമാണ് ആപ്പിന് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: