പ്രകൃതിയും വിശ്വാസവും സമ്മേളിക്കുന്ന കേരളത്തിലെ അപൂര്‍വ്വ ആരാധനാ കേന്ദ്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിന് സമീപത്തെ പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം.
ഇവിടെ എത്തുന്നവര്‍ സഹജീവികളായ മത്സ്യങ്ങളെ ഊട്ടിയതിന്റെ മനം നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നത്. കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ഒരാചാരമാണ് മീനൂട്ട്. ക്ഷേത്രക്കുളത്തിലെയോ ക്ഷേത്രത്തിനരികിലെ പുഴ കടവുകളിലെയോ മീനുകള്‍ക്ക് ഭക്ഷണം നല്കുന്ന ആചാരമാണിത്. പെരുമണ്ണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് മീനൂട്ട്. ഭഗവതീക്ഷേത്രത്തില്‍ നിന്ന് അവിലും മലരും അരിയും ചേര്‍ന്ന നിവേദ്യമാണ് മീനുകള്‍ക്ക് നല്‍കുന്നത്. ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന വളപട്ടണം പുഴയുടെ കടവിലാണ് മീനൂട്ട് നടത്തുന്നത്. മാരക രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാക്കാന്‍ മീനൂട്ടിലുടെ കഴിയുമെന്നാണ് വിശ്വാസം. പണ്ട് മഹാമാരികള്‍ പിടിപ്പെട്ട കാലങ്ങളില്‍ ജനങ്ങള്‍ മീനുട്ട് നടത്താമെന്ന് നേര്‍ച്ച നേരാറുണ്ടായിരുന്നു.പിന്നീട് ഇങ്ങോട്ട് വര്‍ഷങ്ങളായി മീനൂട്ട് വഴിപാട് സജീവമായി തുടരുന്നു.
പുഴയില്‍ വെള്ളം കുറഞ്ഞ് തെളിമയോടെ ഒഴുകുന്ന സമയങ്ങളില്‍ നൂറുകണക്കിന് മീനുകള്‍ കൂട്ടത്തോടെയെത്തും. ഈ സമയത്താണ് മീനൂട്ട് പ്രധാനമായും നടക്കാറ്. മിഥുനം മുതല്‍ തുലാവര്‍ഷം വരെ പുഴയില്‍ മീനുകളെ കാര്യമായി കാണാറില്ല. പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന കാലവര്‍ഷത്തില്‍ ക്ഷേത്രത്തിന്റെ പടവുകള്‍ കയറി വെള്ളം പൊങ്ങി വരും. കഴിഞ്ഞ പ്രളയകാലത്ത് ക്ഷേത്രത്തിലെ ചുറ്റമ്പലം വരെ വെള്ളം കയറിയിരുന്നു.
കരിഞ്ചി, പട്ടേന്‍ തുടങ്ങിയ മത്സ്യങ്ങളാണ് കടവില്‍ കൂടുതലായും ഉളളത്. ഇവയെ പിടികൂടിയാല്‍ ദോഷം സംഭവിക്കുമെന്ന വിശ്വാസമുളളതിനാല്‍ തന്നെ കിലോക്കണക്കിന് തൂക്കം വരുന്ന മീനുകളെ ആരു പിടിക്കാറില്ല. ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം അടക്കമുളള ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന മാമാനം ദേവസ്വത്തിന് കീഴിലാണ് ഉപക്ഷേത്രമായ ചുഴലി ഭഗവതി ക്ഷേത്രം. മാമാനിക്കുന്നില്‍ എത്തുന്ന ഭൂരിഭാഗം ഭക്തരും ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ട് നടത്തിയേ മടങ്ങാറുള്ളൂ. കല്യാട് താഴത്തുവീട് തറവാട്ടുകാരാണ് ഇവിടുത്തെ ഊരാളര്.
കേരളത്തില്‍ നിന്നും, തൊട്ടടുത്തുള്ള കര്‍ണാടകത്തിലെയും നൂറുകണക്കിനാളുകളാണ് ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ടിനെത്തുന്നത്. സ്വയംവര പൂജയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. സ്വയംവര പൂജ കഴിച്ചവരെല്ലാം മീനുകള്‍ക്ക് നിവേദ്യം സമര്‍പ്പിച്ചാണ് മടങ്ങുന്നത്. കന്യകമാര്‍ ക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്തിയാല്‍ വിവാഹം വേഗം നടക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഉദയം മുതല്‍ അസ്തമയനം വരെ ക്ഷേത്രത്തില്‍ മീനുട്ട് നടക്കുന്നു. ദേശാന്തരങ്ങള്‍ കടന്ന് മീനൂട്ട് വഴിപാട് പ്രശസ്തമായിട്ടുണ്ട്. ജാതിമത ഭേദമെന്യേ മീനൂട്ടില്‍ പങ്കെടുക്കാന്‍ ആളുകളെത്തുന്നുണ്ട്.
വിശ്വാസത്തിലുപരിയായി ചിലര്‍ ജലോപരിതലത്തില്‍ മലര് നിവേദിക്കുമ്പോള്‍ തരംഗമുണ്ടാക്കി കഴിക്കാനെത്തുന്ന മത്സ്യങ്ങളെ കാണാന്‍ നിരവധി വിനോദ സഞ്ചാരികളും ഇവിടെ സന്ദര്‍ശനം നടത്തി വരുന്നു. മെയ് രണ്ടു മുതല്‍ അഞ്ചുവരെയാണ് ഈ ക്ഷേത്രത്തില്‍ പാട്ടുത്സവം. ഉത്സവകാലങ്ങളില്‍ പ്രദേശവാസികള്‍ കൂട്ടമായി മീനൂട്ടിനെത്തുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: