വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദി വേളയില്‍ പന്മന ആശ്രമത്തില്‍ പ്രകാശിപ്പിക്കപ്പെട്ട പുസ്തകമാണ് വിദ്യാധിരാജനും വേദവ്യാസനും. ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ രചിച്ച ഈ ഗ്രന്ഥത്തില്‍ ആ മഹാപുരുഷന്മാരുടെ ദര്‍ശനവും വിശ്വശാന്തിദായകമായ കണ്ടെത്തലുകളും ചര്‍ച്ച ചെയ്തിരിക്കുന്നു. വേദവ്യാസന്റെ ബ്രഹ്മസൂത്രം, ഭഗവദ്ഗീത, മഹാഭാരതം എന്നീ മഹാനിര്‍മ്മിതികളും ചട്ടമ്പി സ്വാമികളുടെ അദൈ്വത ചിന്താപദ്ധതി, വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം എന്നീ ശാസ്ത്ര ഗ്രന്ഥങ്ങളുമാണ് ഇതില്‍ പഠനവിധേയമാക്കിയിരിക്കുന്നത്. ഗുരുദര്‍ശനാദൈ്വതം, സത്യയുഗനിര്‍മ്മിതി ആദിഭാഷയിലൂടെ, ഗീതാഭാരത ദര്‍ശനം എന്നിങ്ങനെ മൂന്നു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം ഭാരതീയ സംസ്‌കൃതിയുടെ മഹിമാതിരേകം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും.
അയ്യായിരം വര്‍ഷങ്ങളുടെ അകലങ്ങളില്‍ നില്‍ക്കുന്ന ആ മഹാഗുരുക്കന്മാരുടെ ദര്‍ശനം അദൈ്വതമാണെന്ന് ഒന്നാമദ്ധ്യായം വെളിവാക്കുന്നു. ജാതിയുടെ പേരിലുണ്ടായ ഉച്ചനീചത്വങ്ങളെ അവര്‍ തകര്‍ത്തെറിയുന്നത് വിശദമായി വിവരിച്ചിട്ടുമുണ്ട്. ബ്രഹ്മസൂത്ര ഭാഷ്യാന്തര്‍ഗതമെന്നു പ്രചരിപ്പിക്കപ്പെട്ട അപശൂദ്ര ഭാഗം ശ്രീശങ്കരന്റേതല്ലെന്നു സ്ഥാപിച്ച് അദ്ദേഹം എഴുതിയിരിക്കാനിടയുള്ള ഭാഷ്യം നിര്‍മ്മിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിന്താപരമായ വലിയ ഉത്കര്‍ഷങ്ങള്‍ക്ക് അതു കാരണമാകും.
സകല ജീവരാശിയും മനുഷ്യനും ആദ്യമുണ്ടായത് ദക്ഷിണേന്ത്യയിലാണെന്നും, ഇവിടെനിന്നു ലോകമെമ്പാടും അവര്‍ വ്യാപിക്കുകയായിരുന്നു എന്നും വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കുന്ന തീര്‍ത്ഥപാദ ഗ്രന്ഥമാണ് ആദിഭാഷ. ദ്രാവിഡനെന്നും ആര്യനെന്നും രണ്ടു വിഭാഗമില്ലെന്നും, ആരും വെളിയില്‍നിന്നു ഭാരതത്തിലേക്കു വന്നവരല്ലെന്നും ആദിദ്രാവിഡ ഭാഷയെ വിശദീകരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത് ദേശീയോദ്ഗ്രന്ഥത്തിന്റെ മഹാമന്ത്രവും വിശ്വസാഹോദര്യത്തിന്റെ ശക്തിസ്രോതസ്സുമാണ്. ശ്രീമദ്ഭഗവദ്ഗീതയുടെ കഥാരൂപവികസനമാണു മഹാഭാരതമെന്ന് മൂന്നാമദ്ധ്യായം വ്യക്തമാക്കുന്നു. ചിന്തയ്‌ക്കും പഠനത്തിനും ഏറെ ഉതകുന്ന ഈ ഗ്രന്ഥം സുമനസ്സുകള്‍ അപഗ്രഥിച്ചു മനസ്സിലാക്കേണ്ടതാണ്. ഭാരതത്തിന്റെ ഐക്യവും വിശ്വകുടുംബ ദര്‍ശനവും ഇതിന്റെ സന്ദേശമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: