തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി, സമ്മര്‍ദ്ദങ്ങളില്ലാതെ, പൂര്‍ണആത്മവിശ്വാസത്തോടെ സ്വാമി വിവേകാനന്ദന് ധ്യാനിച്ച അതേ സാഗര സംഗമത്തിലെ ശിലാഖണ്ഡത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഭാരതത്തിന്റെ ഉല്‍ക്കര്‍ഷവും നവോത്ഥാനവും മാത്രം ലക്ഷ്യമിട്ട് വിവേകാനന്ദന് ധ്യാനം നടത്തിയ അതേ ശിലാഖണ്ഡത്തില്‍ അതേ ഉദ്ദേശ്യത്തോടെ നൂറ്റാണ്ടിനു ശേഷം മറ്റൊരു നരേന്ദ്രന് വീണ്ടും എത്തുകയായിരുന്നു.
നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തും എന്ന കാര്യത്തില്‍ ഭാരതത്തില്‍ ഉടനീളം സംശയമുണ്ടായിരുന്നില്ല. പക്ഷേ കേരളത്തിലെ ഒരുപറ്റം മാധ്യമങ്ങള്‍ മാത്രം പ്രചരിപ്പിച്ച വാര്‍ത്തകള്‍ ഓരോ മലയാളിയെയും ചിന്തിപ്പിക്കേണ്ടതാണ്. നരേന്ദ്ര മോദി അധികാരത്തിന് പുറത്തേക്ക്, ഇന്‍ഡി സഖ്യം അധികാരത്തിലേക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവമാണെന്ന് പറഞ്ഞു, പ്രചാരണത്തില്‍ മുസ്ലിം വിരുദ്ധത പറഞ്ഞു, ഗാന്ധിനിന്ദ നടത്തി തുടങ്ങി എത്രയെത്ര വ്യാജ പ്രചാരണങ്ങളാണ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ പുതിയ കേന്ദ്ര മന്ത്രിസഭയിലെ ഡിഎംകെ അംഗങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങി എന്ന് മാത്രമല്ല ഇന്‍ഡി മുന്നണിയിലെ മന്ത്രിമാര്‍ ആരായിരിക്കണം എന്ന കാര്യത്തില്‍ എല്ലാ സഖ്യകക്ഷികളുമായും ചര്‍ച്ച തുടങ്ങി തുടങ്ങിയ വാര്‍ത്തകളും വന്നു. കേരളത്തിലെ മുസ്ലിം ലീഗ് നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്നും അതിനായി ഇപ്പോള്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ അദ്ദേഹത്തെ മുസ്ലീം ലീഗ് മത്സരിപ്പിക്കും എന്ന വാര്‍ത്തയും സജീവമായിരുന്നു.
സ്റ്റാലിന് മന്ത്രിമാര്‍ ആക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഒരു കാര്യം അറിഞ്ഞില്ല. തമിഴ്നാട് രാഷ്ട്രീയത്തില്‍ ദേശീയതയുടെ ശബ്ദമായി ഒരു കൊടുങ്കാറ്റ് പോലെ ബിജെപി ശക്തിആര്‍ജിച്ചിരിക്കുന്നു. ഡിഎംകെയും എഐഎഡിഎംകെയും ഒരേപോലെ അഴിമതിക്കാരാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലെയുടെ വാദം തമിഴ്ജനത അംഗീകരിച്ചിരിക്കുന്നു.എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും എഐഎഡിഎംകെയ്ക്ക് മുന്നിലാണ് ബിജെപിയുടെ പ്രകടനം പ്രതീക്ഷിക്കുന്നത്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഏറെക്കുറെ അടുത്തെത്തിയാല്‍ ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു കാര്യം കൂടി വ്യക്തമാകും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടാകും. കേരളത്തില്‍ പോലും ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ ബിജെപി നേടാന്‍ സാധ്യതയുണ്ടെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നത്. മാത്രമല്ല ബിജെപിയുടെ വോട്ടിംഗ് ശതമാനം 20 കടക്കും എന്ന കാര്യത്തില്‍ ഒരു എക്സിറ്റ്പോള്‍ ഫലവും സംശയം പ്രകടിപ്പിക്കുന്നില്ല. കേരളത്തില്‍ നിന്ന് 3 എംപിമാര്‍ ബിജെപിക്കുണ്ടാകും എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്, വിജയിക്കാവുന്ന, വിജയസാധ്യതയുള്ള മൂന്നുപേര്‍ ഇടതുമുന്നണിയെയും വലതുമുന്നണിയെയും മറികടന്ന് മുന്നിലെത്താനുള്ള സാധ്യതയാണ് ഈ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മുന്നോട്ടുവെക്കുന്നത്. തൃശ്ശൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടം ഒരുപക്ഷേ സുരേഷ് ഗോപി കൈവരിച്ചേക്കാം. അതേപോലെ മന്ത്രിയായ സമയം മുതല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തനം നടത്തി അവിടുത്തെ ജനങ്ങളുമായി ഉറ്റ ബന്ധം പുലര്‍ത്തിയ വി. മുരളീധരന് ജയസാധ്യത പറയാം. അത്രയും ശക്തമായ ത്രികോണ മത്സരമാണ് അവിടെ നടന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികളും അതാത് മുന്നണികളിലെ ഏറ്റവും മികച്ചവരായിരുന്നു. അതുകൊണ്ടുതന്നെ നേരിയ ഭൂരിപക്ഷത്തില്‍ മൂന്നില്‍ ആര്‍ക്കും വിജയിക്കാം എന്ന സാധ്യതയാണ് ആറ്റിങ്ങലില്‍ ഉള്ളത്. പതിവ് തടസ്സങ്ങളെ മുഴുവന്‍ തള്ളിനീക്കി രാജീവ് ചന്ദ്രശേഖര്‍ താന്‍ വിജയിക്കേണ്ട ആളാണെന്ന് തിരുവനന്തപുരത്തെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. ശശി തരൂര്‍ എന്ന എംപിയുടെ പ്രവര്‍ത്തന പരാജയം മണ്ഡലത്തില്‍ ഉടനീളം സാധാരണക്കാര്‍ ചര്‍ച്ചാവിഷയമാക്കി. അതേസമയം വീണ്ടും നരേന്ദ്രമോദി വന്നാല്‍ മന്ത്രിയാകും എന്നതു മാത്രമല്ല മോദിയുടെ ടീമിലെ അംഗം എന്ന പരിഗണന കൂടി ഈ മൂന്നുപേര്‍ക്കും വിജയസാധ്യത നല്കുന്നതില് പ്രധാന പങ്കു വഹിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ബിജെപി മുന്നേറ്റമാണ് പ്രവചിക്കുന്നത്. തെലുങ്കാനയിലും ആന്ധ്രയിലും അടക്കം ബിജെപി മുന്നേറ്റം പ്രവചിക്കുമ്പോള്‍ ഒരു കാര്യം കൂടി വ്യക്തമാവുകയാണ്, ഈ തെരഞ്ഞെടുപ്പോടെ ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയും ബിജെപിയുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുന്നു. വരാന്‍ പോകുന്ന ദിവസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റേതാണ് എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. ഉത്തരേന്ത്യയിലെ മിക്കവാറും എല്ലാ കോട്ടകൊത്തളങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു കഴിഞ്ഞു. ഇത്തവണകൂടി അധികാരം ഇല്ലാതെ തുടര്‍ന്നു പോകാന്‍ കഴിയുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍ എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ ഒഴുക്ക് വീണ്ടും തുടരും എന്ന കാര്യത്തില്‍ സംശയമില്ല. യുപിയില്‍ 80 മണ്ഡലങ്ങളില്‍ 62 ഇടത്താണ് കഴിഞ്ഞതവണ ബിജെപി സഖ്യം വിജയിച്ചത്. ഇത്തവണ അത് 70 കടക്കും എന്നാണ് പൊതുവേയുള്ള വിശ്വാസം. അങ്ങനെ 70 കടന്നാല്‍ എന്‍ഡിഎ സഖ്യത്തിന്റെ മൊത്തം വിജയം 400 കടക്കും.
സര്‍വ്വതല സ്പര്‍ശിയായ വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാട്ടിയ വിവേകവുമാണ് ഭരണവിരുദ്ധ വികാരമോ തരംഗമോ ഇല്ലാതെ വീണ്ടും ബിജെപി അധികാരത്തിലേക്കെത്തുമെന്ന് ഉറപ്പിക്കാന്‍ കാരണം. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു അഴിമതി ആരോപണം പോലും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനുകഴിഞ്ഞില്ല. ഒരു മന്ത്രിയും അഴിമതി ആരോപണത്തിന്റെ പേരില്‍ രാജി വെച്ചില്ല. ഭാരതത്തിന്റെ വികസനവും ഭാരതത്തെ ജഗദ്ഗുരു സ്ഥാനത്തേക്ക് എത്തിക്കുക എന്ന ഏക അജണ്ടയുമായി എണ്ണയിട്ട ചക്രം പോലെ ഒരു ഭരണകൂടം കഴിഞ്ഞ 10 വര്‍ഷം പ്രവര്‍ത്തിച്ചു എന്നതാണ് 1947നു ശേഷമുള്ള ഏറ്റവും വലിയ നേട്ടം. അതുകൊണ്ടുതന്നെയാണ് ഓരോ രംഗത്തും കൈവരിച്ചിട്ടുള്ള സ്വപ്ന സദൃശ്യമായ വികസന നേട്ടങ്ങള്‍. അക്രമവും കല്ലേറും ഒക്കെയുണ്ടായിരുന്ന കശ്മീരില്‍ 8000 കോടി രൂപയുടെ വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്ന് ഉണ്ടായി എന്ന് പറയുമ്പോള്‍ മനസ്സിലാകും ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തി.
എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാതെ ഭരണത്തിന്റെ തുടര്‍ പ്രക്രിയ അനുസ്യൂതം കൊണ്ടുപോവുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫലം വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടികളിലേക്ക് ഭാരതത്തിന്റെ പങ്കാളിത്തവും നയവും പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രിയും ഭരണകൂടവും എന്ന് ബോധ്യപ്പെടുമ്പോഴാണ് നരേന്ദ്രമോദിയുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും നമുക്ക് ബോധ്യപ്പെടുക. വീണ്ടും സ്ഥാനം ഏറ്റു കഴിഞ്ഞാല്‍ ഉടന്‍തന്നെ നിലം തൊടാന്‍ കഴിയാത്തത്ര അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത്. ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രാലയത്തില്‍ തുടരുകയാണ്. ആഗോള സാമ്പത്തിക സ്ഥിതി, അന്താരാഷ്ട്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, റഷ്യ-ഉെ്രെകന്, ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങള്‍ എന്നിവ ഈ ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയം ആകും. ജൂണ്‍ 11ന് ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം റഷ്യയില്‍ നടക്കുന്നുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ബ്രിഡ്ജ് സമ്മേളനത്തിന് റഷ്യയാണ് ആഥിത്യം വഹിക്കുന്നത്. അതിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വിദേശകാര്യ മന്ത്രിമാര്‍ അവിടെ കൂടുന്നത്. അതിനിടെ ജൂണ്‍ അവസാനം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജൂലായില്‍ കസാക്കിസ്ഥാനില്‍ നടക്കുന്ന ഷാംഗ് ഹായ് ഉച്ചകോടിയുടെ മുന്നോടിയാണ് ഈ കൂടിക്കാഴ്ച. ഷാംഗ് ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈന പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ സമ്മേളനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അവിടെ ഉണ്ടാകേണ്ട ധാരണാ പത്രങ്ങളെക്കുറിച്ചും ഒക്കെയുള്ള പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ അദ്ദേഹം ഭാരതത്തെ സ്നേഹിക്കുന്ന ഭാരതത്തിന്റെ ഉന്നമനം ആഗ്രഹിക്കുന്ന ജനവിഭാഗത്തില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും എത്രയാണെന്ന് ബോധ്യപ്പെടും.
നരേന്ദ്ര മോദിയും എന്‍ഡിഎയും കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ എത്തുന്നു എന്നതുമാത്രമല്ല ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പരിണാമം. ആരോടും പ്രീണനമില്ലാതെ എല്ലാവരെയും ഒന്നിച്ചുചേര്‍ത്ത് ഭാരതത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാനുള്ള നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ആശയധാര അംഗീകരിക്കപ്പെടുന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ ഫലമായി കാണണം.
തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും മാറ്റം ഉണ്ടാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. യുഡിഎഫും എല്‍ഡിഎഫും മാത്രം മാറിമാറി ഭരിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. യുവാക്കളുടെ ഒരു പുതിയ തലമുറ നിര്‍ണായക ശക്തിയായി മാറുന്ന വരും കാലത്ത് ഇനിയും കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും മലയാളികളെ ദേശീയ ധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആവില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ കണ്ട കാഴ്ചയല്ല കേരളത്തില്‍ ഉണ്ടാവുക. അധികാരത്തിന്റെ പാതയിലേക്ക് രണ്ടു മുന്നണികള്‍ക്കൊപ്പം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും ശക്തിയായി വരുന്നു എന്നതിന്റെ സൂചന തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും. മുന്നണികളുടെ സമവാക്യങ്ങള്‍ മാറുക തന്നെ ചെയ്യും. ഇരു മുന്നണികളിലെയും ചില ഘടകകക്ഷികളെങ്കിലും എന്‍ഡിഎയിലേക്ക് വരാനുള്ള സാധ്യത തള്ളാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: