തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ സാമൂഹിക സുരക്ഷാ പെന്ഷന് ഉള്‍പ്പെടെയുള്ളവയ്ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ പിടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തടഞ്ഞു വച്ചിരിക്കുന്ന ഡിഎ പോലും നല്‍കാതെ ശമ്പളം കൂടി തടയുമെന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച ‘പ്ലാന്‍ ബി’ യുമായി ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു ആന്വറ്റി ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവനാന്ദം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പോലുള്ളവയില്‍ പോളിസി എടുത്തിട്ടുണ്ട്. ഈ പോളിസിയിലൂടെ ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മറ്റ് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായി കമ്പനികള്‍ നിക്ഷേപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് വേണ്ട സുക്ഷിതത്വവും ഉറപ്പ് നല്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്ഷന് കമ്പനി പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിനു കീഴിലാണ്. സര്‍ക്കാരിനു പണം ആവശ്യമുള്ളപ്പോള്‍ പെന്ഷന് ബോര്‍ഡില്‍ നിന്നും ഖജനാവിലേക്ക് തുക മാറ്റാന്‍ സാധിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 500 കോടിയിലധികം രൂപ എല്ലാ വര്‍ഷവും പിരിച്ചെടുക്കാന്‍ സാധിക്കും. മറ്റ് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നു വെറെയും. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനു ഗ്യാരണ്ടി. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ പദ്ധതയും തകരും.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനുമുമ്പ് സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷനുകള്‍ ജീവനാന്ദം പദ്ധതിയിലെ തുക ഉപയോഗിച്ച് നല്‍കാനാണ് നീക്കം. ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്.
ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ആവശ്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്ന കുതന്ത്രവമായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. എന്നാല്‍ പദ്ധതിയെ പിന്താങ്ങി ഇടത് യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇനി ജീവനക്കാരെ ഭീഷണിപ്പെടുത്തി പദ്ധതി അംഗമാക്കും. ഇതോടെ ജീവനക്കാരുടെ വന്‍ പങ്കാളിത്തം പദ്ധതിക്ക് ലഭിച്ചെന്ന പ്രഖ്യാപനവും ധനവകുപ്പില്‍ നിന്നുണ്ടാകും.
ഇപ്പോള്‍ത്തന്നെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം സര്‍ക്കാര്‍ പെന്ഷന് ഫണ്ടിലേക്ക് മാറ്റിവയ്ക്കുന്നുണ്ട്. കൂടാതെ മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ജീവനക്കാര്‍ സാമ്പത്തിക ദുരിതത്തിലാകുമെന്നും വായ്പകളുടെ തിരിച്ചടവുള്‍പ്പെടെ മുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: