മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിന്‍ബോമിനെ തെരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് മെക്സിക്കോയില്‍ ഒരു വനിത പ്രസിഡന്റാകുന്നത്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അറുപത് ശതമാനം വോട്ട് നേടിയാണ് ഇടതുപക്ഷ പാര്‍ട്ടി മൊറേനയുടെ സ്ഥാനാര്‍ത്ഥിയായ ക്ലോഡിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത്. മെക്സിക്കന്‍ തെരഞ്ഞെടുപ്പ് അതോറിട്ടിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം
നടത്തിയത്.
വ്യവസായിയായ സോചിതില് ഗാല്വേസായിരുന്നു ക്ലോഡിയയുടെ എതിരാളി. നിലവിലെ മെക്സിക്കന്‍ പ്രസിഡന്റും മൊറേന പാര്‍ട്ടിയുടെ സ്ഥാപകനുമായ ആന്‍ഡ്രസ് ലോപ്പസിന്റെ വിശ്വസ്തയാണ് ക്ലോഡിയ. മെക്സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയായിരുന്നു അവര്‍. അന്‍ഡ്രസ് മാനുവല്‍ മെക്സിക്കന്‍ സിറ്റി മേയറായിരുന്നപ്പോള്‍ ക്ലോഡിയ ആയിരുന്നു പരിസ്ഥിതി സെക്രട്ടറി. മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറെന്ന പദവിയും ക്ലോഡിയയ്ക്കാണ്.
എനര്‍ജി എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റുള്ള ക്ലോഡിയ കാലാവസ്ഥാ ശാസ്ത്രജ്ഞയാണ്. മെക്സിക്കന്‍ ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് അവര്‍ ഗവേഷണം നടത്തിയിട്ടുണ്ട്. പ്രസിഡന്റിനൊപ്പം മെക്സിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള അംഗങ്ങളേയും എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരേയും മെക്സിക്കോ സിറ്റി സര്‍ക്കാര്‍ തലവന്‍, പ്രാദേശിക ഭരണകര്‍ത്താക്കള്‍ എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: