മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് 350 സീറ്റുകള്‍ എന്ന വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചതോടെ പൊതുമേഖലാ കമ്പനികള്‍, പ്രതിരോധക്കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, അടിസ്ഥാന സൗകര്യവികസനക്കമ്പനികള്‍ എന്നിവ തിങ്കളാഴ്ച മേലോട്ട് കുതിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാല് ചൊവ്വാഴ്ചയും ഈ ഓഹരികള്‍ കുതിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളും നിക്ഷേപക സ്ഥാപനങ്ങളും പറയുന്നു.
തിങ്കളാഴ്ച സെന്‍സെക്സ് 2507 പോയിന്റ് ഉയര്‍ന്ന് 76,468ല്‍ എത്തി. നിഫ്റ്റിയാകട്ടെ 733 പോയിന്റ് ഉയര്‍ന്ന് 23,262 പോയിന്റിലും എത്തി. ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഉണ്ടായ വന്കുതിപ്പുകളില് ഒന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ മോദി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തും എന്ന പ്രവചനത്തോടെ സംഭവിച്ചത്.
പൊതുമേഖലാ കമ്പനികള്‍, പ്രതിരോധക്കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, അടിസ്ഥാന സൗകര്യവികസനക്കമ്പനികള്‍ എന്നിവ മോദിയുടെ ഓഹരികളായി പൊതുവേ അറിയപ്പെടുന്നു. കാരണം മോദി സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയത് ഈ രംഗത്തെ കമ്പനികള്‍ക്കാണ്. മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ മേഖലകള്‍ വീണ്ടും വളരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
പൊതുമേഖലാ കമ്പനികളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികള്‍ പ്രധാനാണ്. ആര്‍വിഎന്‍എല്‍ (റെയില്‍വികാസ് നിഗം ലിമിറ്റഡ്), ഐആര്‍സിടിസി, ടിറ്റഗാര് വാഗണ്‍ ലിമിറ്റഡ്, ഐആര്‍എഫ്സി, റൈറ്റ്സ്, ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ്, കണ്ടെയ്നര്‍ കോര്പറേഷന്, ബിഇഎംഎല്‍, റെയില്‍ടെല്‍, എന്നീ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. റെയില്‍വേ മേഖലയിലെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച തുകയാണ് ഈ കമ്പനികളുടെ ഉയിര്ത്തെഴുന്നേല്പിനും പുതിയ കുതിപ്പിനും കാരണമായത്.
പൊതുമേഖലാ രംഗത്ത് മോദി സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്കിയവയാണ് പൊതുമേഖലാ ഷിപ്പിംഗ് കമ്പനികളില്‍. അതില്‍ കൊച്ചിന് ഷിപ് യാര്‍ഡ്, മസ് ഗോണ് ഷിപ് യാര്‍ഡ്, ഗാര്ഡന് റീച് ഷിപ് ബില്‍ഡേഴ്സ് എന്നിവ കോടികളുടെ വിദേശ ഓര്‍ഡറുകള്‍ നേടിയതും ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കുള്ള കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കൂടുതല്‍ ഓര്‍ഡറുകളും ലഭിച്ചതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ കരങ്ങളുണ്ട്. ഈ ഓഹരികളെല്ലാം തിങ്കളാഴ്ച കുതിച്ചുയര്‍ന്നു.
മോദിക്ക് താല്പര്യമുള്ള മറ്റൊരു മേഖലയാണ് പൊതുമേഖലാ ബാങ്കുകള്‍. കിട്ടാക്കടങ്ങളുടെ ഭാരം തൂങ്ങിയരുന്നു ഈ ബാങ്കുകളെ നവീകരിക്കുന്നതില്‍ മോദിക്ക് വലിയ പങ്കുണ്ടായിരുന്നു. എസ് ബിഐ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചയര്ന്നിരുന്നു.
മോദി സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധയുള്ള പ്രതിരോധമേഖലയിലെ കമ്പനികളും തിങ്കളാഴ്ച കുതിച്ചുയര്‍ന്നു. എച്ച് എഎല്‍, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാനസൗകര്യവികസനമേഖലയിലെ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളും കുതിച്ചു. മോദി സര്‍ക്കാര്‍ റോഡ് വികസനം, ഹൈവേ വികസനം, പാലങ്ങളുടെ വികസനം തുടങ്ങി ഇത്തരം രംഗത്ത് വന്‍തുകകളാണ് ചെലഴിച്ചത്. എന്‍ബിസിസി, ഹഡ്കോ, പവര്‍ ഗ്രിഡ് കോര്പറേഷന്, പവര്‍ ഫിനാന്‍സ് കോര്പറേഷന്, എഞ്ചിനീയേഴ്സ് ഇന്ത്യ തുടങ്ങിയ ഓഹരികളും കുതിച്ചു. മോദി ശ്രദ്ധ ചെലുത്തുന്ന ഊര്‍ജ്ജ മേഖലയിലെ പൊതുമേഖലാ കമ്പനികളായ എന്‍ടിപിസി, എന്‍എച്ച്പിസി, പവര്‍ ഗ്രിഡ് കോര്‍പ് എന്നിവയും മേലോട്ട് കുതിച്ച ഓഹരികളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: