കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി 18ന് പരിഗണിക്കാനായി മാറ്റി. മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. താന്‍ നല്കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍ നാടന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ആറിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കിയത്. ഹര്‍ജി ഫയല്‍ ചെയ്തത് നടപടിക്രമം പാലിച്ചല്ലെന്നും വിജിലന്‍സ് കോടതിയില്‍ എതിര്‍വാദം ഉന്നയിച്ചത് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സൂചിപ്പിച്ചില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
പ്രഥമദൃഷ്ട്യ കേസ് ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്ന് മാത്യു കുഴല്നാടന് മറുവാദമുന്നയിച്ചു. സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ മാസം 18ന് പരിഗണിക്കാനായി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: