ഇന്‍ഡോര്‍: ദേവി അഹല്യാബായിയുടേത് ധര്‍മ്മരക്ഷയ്‌ക്കും സ്വത്വസംരക്ഷണത്തിനും ഊന്നല്‍ നല്കിയ ഭരണമായിരുന്നുവെന്ന് മാതാ അമൃതാനന്ദമയീദേവി. അഹല്യാബായി ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നല്കിയ സന്ദേശത്തിലാണ് അമ്മ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സ്ത്രീത്വത്തെ ജഗന്മാതാവിന്റെ പ്രതിരൂപമായി കണ്ട് ആരാധിക്കുന്ന രാഷ്‌ട്രം ലോകത്തിന് സംഭാവന ചെയ്ത മഹതികളില്‍ പ്രമുഖയാണ് അഹല്യാബായി. കരുണയും കരുതലും ദൃഢനിശ്ചയവും വ്യക്തമായ ലക്ഷ്യബോധവും ആയിരുന്നു അഹല്യാ ബായിയുടെ കൈമുതല്‍. അധികാരം ജനങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി വിനിയോഗിക്കാനുള്ളതാണെന്ന് ദേവി സ്വജീവിതംകൊണ്ട് കാണിച്ചുതന്നു. ഛത്രപതി ശിവാജിയുടേതിന് സമാനമായ ജനക്ഷേമഭരണമാണ് അഹല്യാബായി നിര്‍വഹിച്ചതെന്ന് മാതാ അമൃതാനന്ദയീദേവി ചൂണ്ടിക്കാട്ടി.
ഭാരതത്തെ മഹാതീര്‍ത്ഥാടനകേന്ദ്രമായി നിലനിര്‍ത്തുന്നതിന് ദേവിയുടെ പരിശ്രമങ്ങള്‍ വലിയ പങ്ക് വഹിച്ചു. അധിനിവേശങ്ങളില്‍ തകര്‍ന്ന ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും റാണി പുനരുദ്ധരിച്ചു. ധര്‍മ്മശാലകളും പടിക്കിണറുകളും നിര്‍മിച്ചു. ഭാരതത്തിന്റെ ഏകതയില്‍ തീര്‍ത്ഥാടനത്തിന് വലിയ പങ്കുണ്ടെന്ന് അഹല്യാബായി വിശ്വസിച്ചു. കാശി വിശ്വനാഥക്ഷേത്രത്തിന്റെയും സോമനാഥ ക്ഷേത്രത്തിന്റെയുമൊക്കെ നവീകരണം റാണിയുടെ കാലത്താണ് നടന്നത്. രാമേശ്വരം മുതല്‍ കേദാര്‍നാഥ് വരെയും പടിഞ്ഞാറ് സോമനാഥം മുതല്‍ കിഴക്ക് ജഗന്നാഥപുരി വരെയും അഹല്യാബായിയുടെ കര്‍മ്മശേഷിയുടെ മുദ്രപതിഞ്ഞിട്ടുണ്ട്. ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഹല്യാബായി ചെലവിട്ടതത്രയും സ്വന്തം സ്വകാര്യസ്വത്തായിരുന്നുവെന്നത് വലിയ ഒരു കാഴ്ചപ്പാടാണ് പുതിയകാലത്തിന് നല്കുന്നതെന്ന് അമ്മ പറഞ്ഞു.
സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സ്വാശ്രയത്വം, അനാചാരങ്ങളില്‍ നിന്നുള്ള മോചനം തുടങ്ങി അഹല്യാബായിയുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പുരോഗതികള്‍ ഏറെയാണെന്ന് മാതാ അമൃതാനന്ദമയീദേവി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: