ന്യൂദൽഹി : എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി തിങ്കളാഴ്ച ഡൽഹി കോടതി ജൂലൈ 3 വരെ നീട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസം 200 പേജുള്ള പ്രോസിക്യൂഷൻ പരാതിയും അനുബന്ധങ്ങളും നൽകി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ 46 കാരിയായ കവിതയെ മാർച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി എക്സൈസ് നയ അഴിമതിയുടെ പ്രധാന ഗൂഢാലോചനക്കാരിയും ഗുണഭോക്താവും കവിത ആയിരുന്നുവെന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.
2021-22 ലെ ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കവിതയ്‌ക്കെതിരെയുള്ള എക്സൈസ് കേസ്. ഡൽഹി എക്സൈസ് നയത്തിന്റെ സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമാണ് കവിതയെന്ന് ഇഡി ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് കവിത ഉൾപ്പെടെയുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ സപ്ലിമെൻ്ററി പ്രോസിക്യൂഷൻ കുറ്റപത്രം മെയ് 29-ന് റോസ് അവന്യൂ കോടതി പരിഗണിച്ചു. കവിതയ്‌ക്കും മറ്റ് പ്രതികളായ ചൻപ്രീത് സിംഗ്, ദാമോദർ, പ്രിൻസ് സിംഗ്, അരവിന്ദ് കുമാർ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: