കൊച്ചി: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി.
ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് വലിയ പങ്ക് അധ്യാപകർക്കാണെന്നും പറഞ്ഞു. എന്നാൽ എല്ലാമായെന്ന് കരുതരുത്. ചിലത് ശ്രദ്ധിക്കാനുണ്ട്. കുട്ടികൾക്ക് പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല നൽകേണ്ടത്. സമൂഹത്തെ പറ്റിയും പ്രകൃതിയെ പറ്റിയും അറിവ് നൽകണം. ശരിയായ വഴി അത്തരം കാര്യങ്ങളിൽ പറഞ്ഞു കൊടുക്കണം. പുതിയ അറിവുകൾ പകർന്നു നൽകുന്ന ജേണലുകൾ കുട്ടികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്പത്തി നാലായിരത്തി അറുന്നൂറ്റി നാല്പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്പത്തി നാല് കുട്ടികള്‍ ഇന്നു സ്കൂളുകളിലേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: