സൂപ്പര്‍ഹിറ്റ് ചിത്രമായ ദി കിങ്ങിലെ മന്ത്രി ജോണ്‍ വര്‍ഗ്ഗീസ്, ആഗസ്ത് ഒന്നില്‍ എംഎല്‍എ പാപ്പച്ചന്‍, തമിഴ് സിനിമയായ അരുളിലെ മന്ത്രി സേതുപതി, പതാകയിലെ മന്ത്രി ജോണി സേവിയര്‍, ലയണിലെ മന്ത്രി ദിവാകരന്‍, ധ്രുവത്തിലെ ചേക്കുട്ടി എംഎല്‍എ… മലയാളിയുടെ മനസില്‍ പതിഞ്ഞ വെള്ളിത്തിരയിലെ രാഷ്‌ട്രീയ കഥാപാത്രങ്ങള്‍. മലയാള സിനിമയില്‍ ഇത്രയേറെ പ്രാവശ്യം മന്ത്രിയും എംഎല്‍എയുമായി വേഷമിട്ട കൊല്ലം തുളസിയെപ്പോലെ മറ്റൊരു നടനില്ലെന്നുതന്നെ പറയാം. ഈ മന്ത്രിവേഷക്കാരന്‍ ഇപ്പോള്‍ 75 വയസ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ്.
അരിഷ്ടതകള്‍ നിറഞ്ഞ ബാല്യം
സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ പൊരുതുന്ന നായകനാണ്. കൊല്ലം കാഞ്ഞാവെളിയില്‍ കുറ്റിലഴികത്ത് വീട്ടില്‍ 1949 മെയ് 28 നായിരുന്നു ജനനം. അച്ഛന്‍ പി.എസ്.ശാസ്ത്രി സംസ്‌കൃത അദ്ധ്യാപകന്‍. അമ്മ ഭാരതിയമ്മ. ഇരുവരുടെയും ആറുമക്കളില്‍ രണ്ടാമനാണ് എസ്.തുളസീധരന്‍ നായര്‍ എന്ന കൊല്ലം തുളസി. കൊട്ടാരക്കര വെളിയത്ത് സാമ്പത്തികമായി ഉയര്‍ന്ന കുടംബാംഗമായിരുന്നു ഭാരതിയമ്മ. പക്ഷേ ആ നിലയിലുള്ള സാമ്പത്തിക സ്ഥിതി ഭാരതിയമ്മയുടെ സ്വന്തം കുടുംബത്തിനുണ്ടായില്ല. തുളസിയുടെ അച്ഛന്‍ ഒന്‍പത് സഹോദരിമാരുടെ രക്ഷകനായിരുന്നു. സാമ്പത്തിക അരിഷ്ടതകളും അരപ്പട്ടിണിയും നിറഞ്ഞ കുടുംബം. ആറുമക്കള്‍ക്ക് ഒരുനേരത്തെ കഞ്ഞിവെള്ളമെങ്കിലും വയറുനിറച്ചുനല്‍കാന്‍ അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ടിരുന്നു. പത്താംക്ലാസില്‍ ഉയര്‍ന്ന വിജയം നേടിയെങ്കിലും പ്രീഡിഗ്രിക്ക് അഡ്മിഷന് 141 രൂപ എന്നത് തുടര്‍പഠനത്തെ അനിശ്ചിതത്വത്തിലാക്കി. ഒടുവില്‍ പണം കണ്ടെത്താന്‍ മാടമ്പിയായ അമ്മയുടെ അച്ഛന്റെ കാലുപിടിക്കേണ്ടിവന്നു. പ്രീഡിഗ്രി മികച്ച നിലയില്‍ പാസായി.
അന്നു കണ്ട ആത്മഹത്യ
കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ തുടര്‍പഠനമെന്ന മോഹം ഉള്ളിലൊതുക്കി ജോലിക്കായുള്ള അന്വേഷണമായി. അങ്ങനെ സുഹൃത്തിനൊപ്പം ബാംഗ്ലൂരിലേക്ക് വണ്ടി കയറി. എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റായിരുന്നു ലക്ഷ്യം. പക്ഷേ റിക്രൂട്ട്‌മെന്റ് കിട്ടിയില്ല. കയ്യിലുള്ള പണവും തീര്‍ന്നു. വീട്ടിലെ പട്ടിണി ഓര്‍ത്തപ്പോള്‍ ബാംഗ്ലൂരില്‍ കൂലിപ്പണിക്കാരനായി. റെയില്‍പാളത്തിന് സമീപം നാലഞ്ച് പേര്‍ ചേര്‍ന്ന് ഒരു ചെറ്റക്കുടിലിലാണ് താമസം. അതിന് സമീപം മലയാളിയായ ബാലകൃഷ്ണന്‍ എന്നയാള്‍ ചായക്കട നടത്തുന്നുണ്ട്. ഒരുദിവസം അവിടേക്ക് ചെല്ലുമ്പോള്‍ കാണുന്നത് ചായക്കടക്കാരന്‍ ഒരു മലയാളി യുവാവിന്റെ മുഖത്തടിക്കുന്നതാണ്. കഴിച്ച ഭക്ഷണത്തിന് നല്‍കാന്‍ അയാളുടെ കയ്യില്‍ കാശില്ലായിരുന്നു. അയാളുടെ സര്‍ട്ടിഫിക്കറ്റൊക്കെ വലിച്ചെറിഞ്ഞാണ് അടികൊടുത്തത്. തൊഴില്‍ അന്വേഷിച്ച് എത്തിയതാണ് ആ പാവം മനുഷ്യന്‍.
”ജീവിക്കാന്‍ വേണ്ടി വന്നതാണ്… വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ ചെയ്തതാണ്” എന്നുപറഞ്ഞ് അയാള്‍ പൊട്ടിക്കരയുന്നു. അയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തറയില്‍ നിന്നെടുത്തുനോക്കി. ബിരുദമൊക്കെ കഴിഞ്ഞിരിക്കുന്നു. അയാള്‍ എന്തോ തീരുമാനിച്ചപോലെ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് എടുത്തുചാടിയതും ട്രെയിന്‍ പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. ഒരു പിടച്ചില്‍പോലും ഇല്ലാതെ ചതഞ്ഞരഞ്ഞ ശരീരം ഇന്നും മായാതെ മനസിലുണ്ട്. ആ കാഴ്ചയും വിശപ്പുകൊണ്ടാണെന്ന അയാളുടെ വാക്കുകളും മനസിനെ വല്ലാതെ അസ്വസ്ഥമാക്കി. പിന്നെ അധികകാലം ബാംഗ്ലൂരില്‍ നില്‍ക്കാനായില്ല. നാട്ടിലേക്ക് മടങ്ങി. കുറച്ചുകാലം നാട്ടില്‍ നിന്നു.
ആത്മഹത്യയുടെ വഴിയേ
ബാഗ്ലൂരില്‍ നിന്നും മടങ്ങിയെത്തിയശേഷം നിരവധി തൊഴില്‍ പരീക്ഷകളെഴുതി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തൊഴില്‍ അന്വേഷണമായി. ഇടമലയാര്‍ പ്രോജക്ടില്‍ ജോലിക്കാരെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ചെന്നപ്പോള്‍ ഈറ്റവെട്ടായിരുന്നു ജോലി. അറിയാത്ത ജോലിയാണെങ്കിലും പിടിച്ചു നില്‍ക്കാന്‍ നോക്കി. ഒരുദിവസം സഞ്ചരിച്ച വാഹനത്തിനുനേരെ ആന പാഞ്ഞടുത്തു. വണ്ടിയില്‍ നിന്ന് ഇറങ്ങിയോടി. ആ ഓട്ടം ചെന്നുനിന്നത് നാഹസന്‍-മാംഗ്ലൂര്‍ റെയില്‍വേ ലൈന്‍ നിര്‍മാണ കമ്പനിയിലാണ്. എക്‌സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ജോലി നല്‍കാനാകില്ലെന്ന് കമ്പനി മുതലാളി പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. മിഴികള്‍ നിറഞ്ഞു. ആ നിമിഷം ബാംഗ്ലൂരിലെ റെയില്‍വേ ട്രാക്കിലെ ചതഞ്ഞരഞ്ഞ യുവാവിന്റെ ഓര്‍മ്മ ഓടിയെത്തി. മുതലാളിയുടെ വീടിന് മുന്നില്‍ ആത്മഹത്യചെയ്യുമെന്ന് ആക്രോശിച്ചുകൊണ്ട് പുറത്തേക്ക് ഓടി. അന്നത്തെ പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്യുമെന്ന ചിന്തയായിരിക്കാം, മുതലാളി തിരികെ വിളിച്ചു. 25 രൂപ ശമ്പളവും താമസ സൗകര്യവും നല്‍കിക്കൊണ്ട് നിയമിച്ചു. കാട്ടിലായിരുന്നു താമസം. റെയില്‍ പണിയുന്ന കോണ്‍ട്രാക്ടര്‍മാരുടെ ഭീഷണിയില്‍ അവര്‍ക്ക് അനുകൂലമായി കണക്കെഴുതേണ്ടി വന്നു. അധികനാള്‍ അതിന് മനസ് അനുവദിച്ചില്ല. ഒരു രാത്രിയില്‍ കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്ന് ഒരു പേപ്പര്‍ വിതരണ വാഹനത്തില്‍ കയറി നാട്ടിലെത്തി.
ജീവിതം മാറ്റിയ മുനിസിപ്പല്‍ സര്‍വീസ്
റെയില്‍വേ നിര്‍മ്മാണ കമ്പനിയില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തി. വീണ്ടും ജോലി അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ എഴുതിയ മുനിസിപ്പല്‍ സര്‍വീസ് പരീക്ഷ ജയിക്കുന്നതും ജോലി ലഭിക്കുന്നതും. ഇരുപത്തിയൊന്നാം വയസ്സില്‍ മുനിസിപ്പല്‍ സര്‍വ്വീസില്‍ ജോലിക്കാരനായി. അതോടെ കുടുംബത്തിന്റെ ദാരിദ്ര്യത്തിനും ഒരു പരിധിവരെ പരിഹാരമായി. അടൂരിലായിരുന്നു ആദ്യ പോസ്റ്റിങ്. ട്രഷറി ബില്‍ഡിങ്ങിലായിരുന്നു ഓഫീസ്. താമസവും അതിന് സമീപം തന്നെ. അതിനടുത്തായിരുന്നു പോലീസ് സ്റ്റേഷന്‍. പോലീസുകാരുടെ ക്രൂരമായ, മനുഷ്യത്വരഹിതമായ പെരുമാറ്റം നേരില്‍ കണ്ടു. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ പല രാത്രികളിലും ചെവിപൊത്തിക്കിടന്നു. പത്തനംതിട്ടയിലും സമാന രീതിയായിരുന്നു. അതായിരിക്കാം പില്‍ക്കാലത്ത് സിനിമകളില്‍ പോലീസുകാരുടെ വേഷം തന്മയത്വത്തോടെ ചെയ്യാനായത്.
കോഴിക്കോട്ടെ നാടകക്കൂട്ടം
കുഞ്ഞുന്നാള്‍ മുതല്‍ കഥാപ്രസംഗത്തോടും നാടകത്തോടുമുള്ള വല്ലാത്ത അഭിനിവേശമാണ് നാട്ടിലെ പ്രതിഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിലേക്ക് അടുപ്പിച്ചത്. പതിനാറാം വയസില്‍ ക്ലബിനുവേണ്ടി ഏകാംഗ നാടകം ‘മൊണാലിസ’ എഴുതി സംവിധാനം ചെയ്തു എന്നു മാത്രമല്ല, അത് അവതരിപ്പിച്ചതും കൊല്ലം തുളസിയായിരുന്നു. ഇതോടെ നിരവധി അമച്വര്‍ നാടകങ്ങളുടെ ഭാഗമായി. ജോലിയുടെ ഭാഗമായി കോഴിക്കോട് എത്തിയപ്പോള്‍ കാത്തിരുന്നത് വലിയ നാടകക്കൂട്ടങ്ങളാണ്. കുതിരവട്ടം പപ്പു, ബാലന്‍ കെ.നായര്‍ തുടങ്ങിയവരുടെ കാലിക്കറ്റ് ആര്‍ട്‌സ് സെന്ററിലും കെ.ടി. മുഹമ്മദിന്റെ നാടക ക്യാമ്പുകളിലും സന്ദര്‍ശനം പതിവായിരുന്നു. എവിടെയെല്ലാം ജോലി നോക്കിയോ അവിടെയെല്ലാം കലാകാരന്മാരുമായി ചങ്ങാത്തം സൂക്ഷിച്ചു. കൊല്ലത്ത് ജോലി ചെയ്യുമ്പോള്‍ കൊല്ലം കലാസേനയില്‍ പ്രൊഫഷണല്‍ നടനുമായി.
ആകാശവാണിയിലെ അഭിനയക്കളരി
തിരുവനന്തപുരം നഗരസഭയിലേക്കുള്ള സ്ഥലം മാറ്റവും ആകാശവാണിയില്‍ അനൗണ്‍സറായതുമാണ് കലാരംഗത്തെ ചുവട് പൂര്‍ണമായും ഉറപ്പിച്ചത്. ആകാശവാണിയില്‍ എത്തിയപ്പോള്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍, ടി.ആര്‍.സുകുമാരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍ തുടങ്ങിയ നാടക പ്രതിഭകളുടെ പുഷ്‌കലകാലം. അവരുടെ സൗഹൃദവും ശിക്ഷണവും മികച്ച നടനെ വാര്‍ത്തെടുത്തു. ഓരോ കഥാപാത്രത്തിന്റെയും ശബ്ദവ്യതിയാനവും രസങ്ങള്‍ക്കനുസരിച്ചുള്ള ശബ്ദഭാവവും അവയുടെ വിന്യാസവുമൊക്കെ ആ കളരിയിലൂടെ മികവുറ്റതായി. കാഞ്ഞാവെളി തുളസീധരന്‍ അങ്ങനെ കൊല്ലം തുളസിയായി. ദൂരദര്‍ശനില്‍ ആര്‍ട്ടിസ്റ്റായപ്പോള്‍ എം.ആര്‍. ഗോപകുമാറുമായി ചേര്‍ന്ന് ‘കുഞ്ഞയ്യപ്പന്‍’ എന്ന നാല് എപ്പിസോഡുള്ള സീരിയല്‍ ഒരുക്കി. ഒരുപക്ഷേ അതായിരിക്കാം മലയാളത്തിലെ ആദ്യ ടിവി സീരിയില്‍.
തമ്പിസാറിന്റെ ആ വാക്കുകള്‍
1979 ല്‍ തന്റെ സുഹൃത്തുകൂടിയായ ഹരികുമാര്‍ സംവിധാനം ചെയ്ത ‘ആമ്പല്‍പ്പൂ’ സിനിമയില്‍ മുഖംകാണിച്ചെങ്കിലും ശ്രീകുമാരന്‍ തമ്പിയുടെ ‘യുവജനോത്സവ’ത്തിലായിരുന്നു ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. എസ്‌ഐ സ്റ്റീഫന്‍ ആയിരുന്നു കഥാപാത്രം. ”താന്‍ കൊള്ളാം, താന്‍ രക്ഷപ്പെടും” എന്ന ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ അദ്ദേഹത്തിന്റെ അടുത്ത സിനിമയായ ‘അമ്മേഭഗവതി’യിലും മുഴുനീള വേഷം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് 200 സിനിമകളുടെ ഭാഗമായി. അത്രത്തോളം തന്നെ സീരിയലുകളിലും, ഏകദേശം 300 റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. ആദ്യം പോലീസുകാരനായെങ്കിലും പിന്നീട് ഖദര്‍ധാരിയായ രാഷ്‌ട്രീയക്കാരനായി. 106 സിനിമകളില്‍ മന്ത്രിയായി മാത്രം വേഷമിട്ടു. തമിഴിലെ വിക്രം നായകനായ അരുള്‍ എന്ന ചിത്രത്തില്‍ മുഴുനീള വില്ലന്‍ മന്ത്രിയുടെ വേഷം ഏറെ ശ്രദ്ധേയമായി. ലേലത്തിലെ ‘പാപ്പി’ മികച്ച രണ്ടാമത്തെ നടനുള്ള കേരള സിനിമ ക്രിട്ടിക്‌സ് അവാര്‍ഡ് നേടിക്കൊടുത്തു. കടമറ്റത്ത് കത്തനാര്‍ സീരിയലിന് 2008 ലെ സീരിയല്‍ ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചു. പക്ഷേ സിനിമയില്‍ വേണ്ടത്ര പരിഗണന നല്‍കാതെ പാര്‍ശ്വവല്‍ക്കരിച്ചതില്‍ ഈ നടന് ഏറെ വിഷമമുണ്ട്.
വിധിയെ തോല്‍പ്പിച്ച വിരുതന്‍
ജോലിക്കും അഭിനയത്തിനുമിടയില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി. തിരുവനന്തപുരം നഗരസഭയില്‍ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് 2004 ല്‍ വിരമിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് കാന്‍സര്‍ വില്ലനായി എത്തി. കീഴ്‌പ്പെടാന്‍ മനസ് അനുവദിച്ചില്ല. തളരാതെ പൊരുതി. ഒടുവില്‍ കാന്‍സറിന് അടിയറവ് പറയേണ്ടിവന്നു. അപ്പോഴേക്കും കുടുംബം അകന്നു. ഒറ്റയ്‌ക്കായപ്പോഴാണ് ഉള്ളിലുള്ള സാഹിത്യകാരന്‍ മറനീക്കി പുറത്തുവന്നത്. കവിതയും നോവലുമടക്കം 16 പുസ്തകങ്ങള്‍ രചിച്ചു. കാന്‍സര്‍ രോഗികളുടെയും അനാഥരുടെയും പുനരധിവാസത്തിലും ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലുമാണ് ഇപ്പോള്‍ ശ്രദ്ധ. ഇടയ്‌ക്ക് അഭിനയവും. യൂറിന്‍ തെറാപ്പിയുടെ കേരളത്തിലെ ബ്രാന്റ് അംബാസഡറാണ്. തിരുവനന്തപുരത്ത് വലിയശാലയിലെ ‘സൗപര്‍ണിക’യിലിരുന്ന് ആത്മകഥയായ ‘ആത്മായനം’ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് വെള്ളിത്തിരയിലെ ഈ വില്ലന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: