ശ്രീനഗര്‍: പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്തതോടെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരം തളിര്‍ത്ത് പൂക്കുന്നു. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം പേരാണ് ഭാരതത്തിന്റെ ശിരസെന്ന് കരുതുന്ന ജമ്മുകശ്മീരില്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ കുതിപ്പ് ഏതാനും മാസങ്ങള്‍ കൂടി തുടര്‍ന്നാല്‍ 2024ല്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ വിനോദ സഞ്ചാരികളുടെ പ്രവാഹത്തിനാകാം രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലെയും പഹല്‍ഗാം, സോനാമാര്‍ഗ് എന്നിവിടങ്ങളിലെയും ഹോട്ടലുകള്‍ ജൂണ്‍ മധ്യം വരെ പൂര്‍ണമായും ബുക്കു ചെയ്തുകഴിഞ്ഞു. ഗസ്റ്റ് ഹൗസകള്‍ ഹോം സ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയുടെ അവസ്ഥയും വ്യത്യസ്ഥമല്ലെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.
ക്രമസമാധാന നില വളരെയേറെ മെച്ചപ്പെട്ടതാണ് വലിയ അനുഗ്രഹമായത്. ആഭ്യന്തര വിനോദസഞ്ചാരികള്‍ മാത്രമല്ല വിദേശികളും വലിയ തോതില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇത് വന്‍തോതില്‍ നമുക്ക് വിദേശനാണ്യവും നേടിത്തരും. വിദേശികള്‍ നല്ലവണ്ണം ചെലവഴിക്കുന്നുമുണ്ട്. കശ്മീരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മുഴുവന്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഹിമാലയത്തില്‍ 3,888 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നതോടെ സാധാരണ വിനോദസഞ്ചാരികരളുടെ വരവ് കുറയാറുണ്ട്. തീര്‍ത്ഥാടകരുടെ തിരക്കാണ് കാരണം. എന്നാല്‍ ഇക്കുറി ജൂണ്‍ 29നാണ് അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നത്. 52 ദിവസത്തെ യാത്ര ആഗസ്ത് 19 ന് സമാപിക്കും. അതിനാല്‍ ഇക്കുറി തീര്‍ത്ഥാടകരുടെ വരവ് വിനോദസഞ്ചാരത്തെ ബാധിക്കില്ല.
രാജ്യത്ത് പലയിടത്തും ചൂടു കൂടുന്നതും അവിടത്തുകാര്‍ ജമ്മുകശ്മീര്‍ തെരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്. ഗുജറാത്ത്, തമിഴ്‌നാട്, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്ന് ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ജൂണ്‍ പകുതി മുതല്‍ ദല്‍ഹി, പഞ്ചാബ് സ്വദേശികളാകും എത്തുക. പുഷ്പ, ഫല കൃഷി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വരുമാനമാര്‍ഗമാണ് വിനോദസഞ്ചാരം. വര്‍ഷം 10,000 കോടിയാണ് പുഷപ, തോട്ട കൃഷി വഴി ലഭിക്കുന്നത്. വിനോദ സഞ്ചാരം വഴി വര്‍ഷം 8,000 കോടിയും. പുഷ്പ, ഫല കൃഷി വഴി തോട്ടമുടമകള്‍ക്കാണ് വലിയ നേട്ടമുണ്ടാകുന്നതെങ്കില്‍ ഡ്രൈവര്‍മാര്‍, കുതിരക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഗൈഡുകള്‍, ഓട്ടോക്കാര്‍, ഹോട്ടലുകള്‍, ചെറുകിട വ്യാപാരികള്‍ ഹൗസ് ബോട്ടുകാര്‍, വള്ളക്കാര്‍, കരകൗശല വസ്തുക്കള്‍, കശ്മീരി ഷാളുകള്‍ തുടങ്ങിവയരുടെ വില്പനക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ക്കാണ് മികച്ച വരുമാനം ലഭിക്കുന്നത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനം ശക്തമായതോടെയാണ് ജമ്മുകശ്മീര്‍ ആകെത്തകര്‍ന്നത്.
ദാല്‍ തടാകത്തിലെ ബോട്ടു യാത്രയും മറ്റുമായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയും ഭയപ്പെടുത്തി ഓടിച്ചും ഭീകരരുടെ വിളയാട്ടം തുടങ്ങിയതോടെ, ജമ്മുകശ്മീര്‍ നഷ്ടപ്പെട്ട ലോകമാവുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഭീകര പ്രവര്‍ത്തനം ഭാരതത്തിനു തന്നെ തലവേദനയുമായി.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ്, ഭീകരര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ തുടങ്ങിയതും വിനോദ സഞ്ചാരം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും. 370-ാം വകുപ്പ് നീക്കിയതോടെ ഭീകരപ്രവര്‍ത്തനം വളരെക്കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: