കോട്ടയം: കെഎസ്യു ക്യാമ്പിലുണ്ടായ കൂട്ടത്തല്ലിന്‌റെ നാണക്കേടില്‍ കോണ്‍ഗ്രസ് നേതൃത്വം. കെഎസ്യുവിന്റെ സംസ്‌കാരം ബലി കൊടുക്കപ്പെട്ടുവെന്നുവരെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പറയേണ്ടിവന്നത് സംഭവത്തിന്‌റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടാണ്. ഇത്തരം സംഭവങ്ങള്‍ പ്രസ്ഥാനത്തോടു ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അലോഷ്യസ് സേവ്യറിന കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ സൂചിപ്പിച്ചതും ഈ സാഹചര്യത്തിലാണ്. ചെറുപ്പക്കാര്‍ മദ്യപിച്ച് തമ്മില്‍ തല്ലി എന്നു പറയുന്നത് പാര്‍ട്ടിക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അന്വേഷണ കമ്മീഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സുധാകരന് കൈമാറും.
എന്നാല്‍ കടുത്ത നടപടിയെടുക്കുന്നതില്‍ സംഘടനയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതുപോലുള്ള നടപടിയിലേക്കു കടന്നാല്‍ അത് പ്രശ്‌നത്തിന്റെ ഗൗരവം അളവില്‍കവിഞ്ഞ് പെരുപ്പിക്കുമെന്നും പാര്‍ട്ടിയുടെ കുറ്റസമ്മതം പോലെയാകുമെന്നുമാണ് അക്കൂട്ടര്‍ പറയുന്നത്. തല്ലുകേസ് മാത്രം അന്വേഷിച്ചാല്‍ മതിയെന്നും അതിനപ്പുറമുള്ള സംഘടനാ വിഷയങ്ങളിലേക്ക് കടക്കേണ്ടെന്നും കെപിസിസി ഓഫീസ് അന്വേഷണ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് അറിയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: