കോട്ടയം: വലിയ വായില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ പോലും ഒറ്റമഴയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മഴക്കെടുതികള്‍ എല്ലാം പൊതുജനം സ്വന്തം നിലയ്ക്ക് അനുഭവിച്ചു തീര്‍ക്കുക മാത്രമാണ് പോംവഴി. മഴക്കെടുതികളും നാശനഷ്ടങ്ങളുമെല്ലാം വാര്‍ത്തയാകുമെങ്കിലും ഇതെല്ലാം അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കുറേപ്പേര്ക്ക്് നഷ്ടപരിഹാരം നല്‍കിയും അതിലേറെ പേര്‍ക്ക് നല്‍കാതെയും ഒരോ കാലവര്‍ഷവും കടത്തിവിടും. ഇക്കുറി സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ പ്രളയ സമാനമായ ദുരിതമാണ് ഉണ്ടായത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കാലവര്‍ഷത്തിനു മുന്‍പേ ഈ ഗുരുതര സാഹചര്യം ഉണ്ടായെന്ന് ദുരന്തവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയും വെള്ളക്കെട്ടും വഴി 117 വില്ലേജുകളില്‍ പ്രകൃതിക്ഷോഭം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട് . മെയ് 14ന് ശേഷം 19 പേര് മരിച്ചു. 7500 പേരെ മാറ്റി പാര്‍പ്പിച്ചു. 2500 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 750 ഓളം വീടുകള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. വേനല്‍ മഴയിലാണ് ഇത്രയും ദുരിതവും നാശനഷ്ടവും ഉണ്ടായതെന്ന് ഓര്‍ക്കണം. കാലവര്‍ഷം തുടങ്ങിയതേയുള്ളൂ. കാലവര്‍ഷം ഇക്കുറി കനക്കുമെന്ന മുന്നറിയിപ്പു നിലനില്‍ക്കവെ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും നിഷ്ക്രിയമായി തുടരുന്നതില്‍ പരക്കെ ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: