ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് നാളെ രാജ്യം സാക്ഷിയാകുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വാരാണസിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും ജനവിധി തേടുന്ന മണ്ഡലം എന്നതാണ് വാരാണസിയെ ശ്രദ്ധേയമാക്കുന്നത്.
2014ല്‍ നരേന്ദ്രമോദി ആദ്യമായി ജനവിധി തേടുമ്പോഴുള്ള സാഹചര്യമല്ല ഇന്നത്തെ വാരാണസിയിലുള്ളത്. ഒരുപാട് മാറ്റങ്ങള്‍, അതെല്ലാം ജനം കണ്ടറിയുന്നു. കോടിക്കണക്കിനു രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുപുറമെ വാരാണസിയുടെ ആദ്ധ്യാത്മിക- സാംസ്കാരിക മേഖലകളെയും പരിപോഷിപ്പിക്കുന്ന നിരവധി പദ്ധതികളും നടപ്പാക്കി.
അന്ന് നരേന്ദ്രമോദിയെന്നാല് വാരാണസിയിലെ ജനങ്ങള്‍ക്ക് കേട്ടറിവ് മാത്രമായിരുന്നു, എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ആദരിക്കുന്നപ്രധാനമന്ത്രി തങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. ഓരോ തവണയും നരേന്ദ്രമോദി വാരാണസിയില്‍ എത്തുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ നല്കുന്ന സ്നേഹവും സ്വീകരണവും അതിന് തെളിവാണ്.
2014ല്‍ ആപ്പിന്റെ അരവിന്ദ് കേജ്രിവാളിനെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി പരാജയപ്പെടുത്തിയത്. 5,81,022 വോട്ടാണ് അന്ന് നരേന്ദ്രമോദിക്ക് ലഭിച്ചത്, പോള്‍ ചെയ്ത വോട്ടിന്റെ 56.37%. 2019ല്‍ മോദി ഭൂരിപക്ഷം 4,79,505 ആയി ഉയര്‍ത്തി. എസ്പിയുടെ ശാലിനി യാദവ് ആയിരുന്നു അന്ന് പ്രധാന എതിരാളി. മോദിക്ക് ലഭിച്ച വോട്ട് 6,74,664 ആയി ഉയര്‍ന്നു. പോള്‍ ചെയ്ത വോട്ടിന്റെ 63.62% മോദിക്ക് ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്ക് 1,52,548 വോട്ടാണ് ലഭിച്ചത്. അതേ അജയ് റായിയെ തന്നെയാണ് ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി ഇത്തവണയും കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്.
വാരണാസിയില്‍ 19,97,578 പേര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. നരേന്ദ്രമോദിക്ക് ലഭിക്കുന്ന വോട്ട് പത്തു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: