കന്യാകുമാരി: നരേന്ദ്രന് എന്ന സ്വാമി വിവേകാനന്ദനു മുന്നില്‍ തൊഴുകൈകളാല്‍ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു സാഗരങ്ങള്‍ സംഗമിക്കുന്ന, ഭാരതത്തിന്റെ തെക്കേയറ്റത്തെ കന്യാകുമാരിയെന്ന തപോഭൂമിയില്‍ മറ്റൊരു തപസ്വിയായെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി, നരേന്ദ്രനു മുന്നില്‍ ധ്യാന നിമഗ്നനായി നിന്നു.
സ്വാമി വിവേകാനന്ദന്റെ പാദസ്പര്ശത്താല് അനുഗൃഹീതമായ ശ്രീപാദപ്പാറയിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍, രണ്ടു ദിവസം ധ്യാനിക്കാനാണ് മോദിയെത്തിയത്. ചിക്കാഗോ സര്‍വമത സമ്മേളനത്തിലെ സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിലൂടെ ഭാരതം ലോകശ്രദ്ധ പിടിച്ചുപറ്റിയെങ്കില്‍ തന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിനു മുന്നിലെത്തിച്ച നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിലും സ്മാരകത്തിലുമെത്തിയത് ചരിത്രമായി. 2019ലെ തെരഞ്ഞെടുപ്പിനുശേഷം കേദാര്‍നാഥിലെ രുദ്രഗുഹയായിരുന്നു പ്രധാനമന്ത്രി ധ്യാനത്തിനു തെരഞ്ഞെടുത്തതെങ്കില്‍ ഇത്തവണ കന്യാകുമാരിയാണ്.
സംഘടനാ പ്രവര്‍ത്തനത്തിനെത്തുമ്പോള്‍ വിവേകാനന്ദപ്പാറ മോദി സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയായ ശേഷം ആദ്യമാണ് ഇവിടെ യെത്തുന്നത്.
ഇന്നലെ വൈകിട്ട് നാലോടെ തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്കു തിരിച്ചത്. 5.10ന് തമിഴ്നാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലെ ഹെലിപ്പാഡിലിറങ്ങിയ പ്രധാനമന്ത്രി വിശ്രമശേഷം 5.40ന് കന്യാകുമാരി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മാനേജര്‍ ആനന്ദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്ര മേല്‍ശാന്തി ഫലങ്ങള്‍ നല്കി. ദേവി കന്യാകുമാരിയെ വണങ്ങി ക്ഷേത്രത്തിനു വലംവച്ചു. തുടര്‍ന്ന് വിവേകാനന്ദപ്പാറയിലേക്ക്. നാലു ബോട്ടുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നെങ്കിലും വിവേകാനന്ദന്റെ പേരിലുള്ള ബോട്ടില്‍ത്തന്നെ കയറി. പാറയിലെത്തി വിവേകാനന്ദ സ്വാമിയുടെ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം ധ്യാനമണ്ഡപത്തിലെത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ധ്യാനത്തിലേക്കു കടന്നു. നാളെ രാവിലെ വരെ ധ്യാനം തുടരും.
കനത്ത സുരക്ഷയാണ് കന്യാകുമാരിയിലെങ്ങും ഏര്‍പ്പെടുത്തിയത്. കടലില്‍ നാവിക സേനയുടെ കപ്പലുകളും സുരക്ഷയൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും മഴ കണക്കിലെടുത്ത് റോഡുമാര്‍ഗം കന്യാകുമാരിയിലേക്കു പോകാന്‍ സൗകര്യങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു. എന്നാല്‍ മഴ മാറിനിന്നതിനാല്‍ ഹെലികോപ്റ്ററില്‍ത്തന്നെ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: