മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണ യേയും കേന്ദ്രീകരിച്ച് ഉയര്‍ന്നിട്ടുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സ് സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയതിനെക്കുറിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയായ എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വീണ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക്കിനും വിദേശ രാജ്യങ്ങളില്‍ അക്കൗണ്ടുണ്ടെന്നും, ഇവയിലൂടെ കോടികളുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും രേഖകള്‍ സഹിതമാണ് ഷോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ മീഡിയ സിറ്റിയിലെ അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലാണ് എക്സാലോജിക് കണ്‍സള്‍ട്ടിങ് എന്ന പേരില്‍ അക്കൗണ്ടുള്ളത്. സ്ഥാപന ഉടമയായ വീണയും ബന്ധുവായ സുനീഷുമാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതത്രേ. സ്വര്‍ണക്കടത്തു കേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന വിവാദ കമ്പനി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ നിന്നും, വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന് പ്രതിയായ കേസില്‍ ആരോപണവിധേയമായ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്ലിന്റെ ഉപകമ്പനികളില്നിന്നും ഈ അക്കൗണ്ടിലേക്ക് പണമെത്തിയെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്.
ഇടതുമുന്നണി സര്‍ക്കാരുമായി വിവിധ കരാറുകള്‍ ഒപ്പിട്ടിട്ടുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന ഏജന്‍സിയും പിണറായി വിജയന്റെ മകളുടെ പേരിലുള്ള വിദേശ അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കുമ്പോള്‍ ഇടപാടുകളുടെ സ്വഭാവം വ്യക്തമാണല്ലോ. ശരാശരി 10 കോടിയുടെ നിക്ഷേപമുള്ള ഈ അക്കൗണ്ടില്‍നിന്നുള്ള പണം അമേരിക്കയിലേക്കാണ് പോയിട്ടുള്ളതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖകള്‍ മാസപ്പടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതിയിലും ഷോണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. നല്‍കാത്ത ഐടി സേവനത്തിന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്ന് വീണയും അവരുടെ കമ്പനിയും അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിണറായി വിജയനും ഈ കമ്പനി പണം നല്‍കിയതായി പറയപ്പെടുന്നുണ്ട്. ഇതിനു പുറമെയാണ് വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കും ഇതേ കമ്പനി പണം അയച്ചുകൊണ്ടിരുന്നതായി ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കിഫ്ബി മസാല ബോണ്ടു വഴി ലാവലിന്റെ ഉപകമ്പനികള്‍ ഉയര്‍ന്ന പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ കമ്മീഷനും വീണയുടെ വിദേശ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ തെറ്റെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഷോണ്‍ വെല്ലുവിളിച്ചിരിക്കുകയാണ്.
തനിക്കും മകള്‍ക്കും എതിരെയുള്ള അതീവഗുരുതരമായ അഴിമതിയാരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാത്തത് സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ആരോപണം ശരിവയ്ക്കുന്നതിന് തുല്യമാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്തിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ മകളുടെ വിദേശ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടായെന്ന് പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരീച്ച് ഉയര്‍ന്നുവന്നിട്ടുള്ള അഴിമതിയാരോപണങ്ങളെ ഇതുവരെ നിഷേധിച്ചു പോന്ന സിപിഎമ്മും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ആരോപണങ്ങള്‍ നിഷേധിക്കുകയും മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയോ ചെയ്താല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന പേടികൊണ്ടാണിത്. മുഖ്യമന്ത്രി ഭയക്കുന്നതും ഇതുതന്നെയാണ്. വലിയൊരു അഴിമതി സാമ്രാജ്യത്തിന്റെ അധിപനാണ് മുഖ്യമന്ത്രി പിണറായി വിജയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വരച്ചുകാട്ടുന്ന ചിത്രം. ഈ അഴിമതി സാമ്രാജ്യം സംരക്ഷിക്കുന്നതിനും, കൂടുതല്‍ പണം കുന്നുകൂട്ടുന്നതിനുമാണ് മുഖ്യമന്ത്രി അധികാരം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്ക്കുപോലും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കാരനായ ഇങ്ങനെയൊരു ഭരണാധികാരിയെ ചുമക്കേണ്ട ഗതികേട് തങ്ങള്ക്കുണ്ടോയെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. ഈ അഴിമതികള്‍ തുടരാന്‍ അനുവദിച്ചാല്‍ അത് അങ്ങേയറ്റം അധാര്മികമായിരിക്കുമെന്ന തിരിച്ചറിവ് അവര്‍ നേടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: