തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മഴക്കാലപൂര്‍വ ശുചീകരണം മുടങ്ങിയത് വേനല്‍മഴയിലെ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍.
ഖജനാവ് കാലിയായതിനാല്‍ യഥാ സമയം പണം നല്‍കിയില്ല. ഇതോടെ കോര്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണം മുടങ്ങുന്നതിന് ഇടയാക്കി. ഇതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി ഓടകള്‍ അടഞ്ഞു. ഇവ നീക്കം ചെയ്യാത്തതാണ് വേനല്മഴയത്തുണ്ടായ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്.
സംസ്ഥാന സര്‍ക്കാര്‍ പണം നല്കാത്തതിനാല് മുന്‍കാലങ്ങളിലെപ്പോലെ മഴയെത്തുന്നതിനു മുമ്പ് ഓടകള്‍ വൃത്തിയാക്കാന്‍ സാധിച്ചില്ലെന്ന് ജനപ്രതിനിധികള്‍ സമ്മതിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ വേനല്‍മഴ ശക്തമാകുന്നതിന് മുമ്പുതന്നെ ഓടകളും തോടുകളും മണ്ണെടുത്ത് ആഴംകൂട്ടി വൃത്തിയാക്കാറുണ്ടായിരുന്നു. ഇത്തവണ പണം ലഭ്യമാകാത്തതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പലസ്ഥലങ്ങളിലും പ്രാഥമിക നടപടികള്‍ പോലും ചെയ്യാനായില്ല. വാര്‍ഡുതല സമിതികളാണ് ഇവിടെയെല്ലാം പ്രവൃത്തി നടത്തണമെന്ന് താഴെ തട്ടില്‍ തീരുമാനമെടുക്കേണ്ടത്. പണം ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ 20,000 മുതല്‍ 25,000 രൂപവരെയും പഞ്ചായത്ത് വാര്‍ഡുകളില്‍ 10,000 രൂപയും തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാം. 10,000 രൂപ ശുചിത്വമിഷന് നല്‍കണം. ഈ തുക ഇതുവരെയും നല്‍കിയില്ല.
എന്നാല്‍ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലും തനതു ഫണ്ടില്‍ പണമില്ല. തിരുവനന്തപുരം നഗരത്തില്‍ തനതുഫണ്ടില്‍ നിന്ന് വാര്‍ഡൊന്നിന് ഒരു ലക്ഷം വീതം അനുവദിച്ചെങ്കിലും പണം ലഭ്യമാക്കാനുണ്ടായ കാലതാമസത്താല് കനത്ത മഴയില്‍ നഗരത്തെ മുക്കി. പ്രധാന ഓടകളും തോടുകളും വൃത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇത് തന്നെയാണ് മറ്റ് നഗരങ്ങളുടെയും അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: