ദുബായ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ദൽഹി അബുദാബി ക്യാമ്പസ് അതിന്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഊർജ്ജം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിലേക്കായി വിദ്യാർത്ഥികളെ തയ്യാറാക്കാനുതകുന്ന ബിടെക് പ്രോഗ്രാമുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എനർജി എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലുള്ള ഈ ബിടെക് പ്രോഗ്രാമുകൾ ഊർജ്ജ വെല്ലുവിളികളെ നേരിടാനും ഭാവി ഡിജിറ്റൽ യുഗം രൂപപ്പെടുത്താനും വിവിധ വ്യവസായങ്ങൾക്കായി സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാനുമുള്ള വൈദഗ്‌ദ്ധ്യം കൊണ്ട് ബിരുദ വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നത്.
ഊർജ്ജ ഉൽപ്പാദനവും മാനേജ്മെൻ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് എനർജി എഞ്ചിനീയറിംഗ് പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്. എഐ, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സൈദ്ധാന്തിക, പ്രായോഗിക കഴിവുകളെ സംയോജിപ്പിക്കുന്ന കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പ്രോഗ്രാം കമ്പ്യൂട്ടേഷണൽ ചിന്ത, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ മേഖലയിലേക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദൽഹിയും 2023 ജൂലൈയിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് ഐഐടി-ദൽഹി അബുദാബി സ്ഥാപിതമായത്. 2023 ജൂലൈ 15-ന് ഏകദിന ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവയ്പ്
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ യുഎഇ – ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഐഐടി-ദൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് വഴിയൊരുക്കുമെന്ന് ഡയറക്ടർ രംഗൻ ബാനർജി വ്യക്തമാക്കി. വിദ്യാഭ്യാസസംബന്ധിയായ ശ്രേഷ്‌ഠത, നവീനത, വിജ്ഞാനത്തിന്റെ കൈമാറ്റം, മനുഷ്യ മൂലധനത്തിലുള്ള നിക്ഷേപം തുടങ്ങി ഇരുരാജ്യങ്ങളും വിശ്വസിക്കുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും ഐഐടി-ദൽഹി അബുദാബി ക്യാമ്പസെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയതായി ആരംഭിക്കുന്ന ക്യാമ്പസിലെ മുഴുവൻ അധ്യയന സംബന്ധിയായ വിഷയങ്ങളും ADEK, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഐഐടി-ദൽഹി തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI), ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി (NYUAD), ടെക്‌നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TII) തുടങ്ങിയവരുമായി സഹകരിച്ച് കൊണ്ടുള്ള സംയോജിത പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ മുതലായവയും ഐഐടി-ദൽഹി അബുദാബി ക്യാമ്പസിൽ ഉണ്ടായിരിക്കുന്നതാണ്.
ഐഐടി-ദൽഹിയുടെ ആദ്യ ഇന്റർനാഷണൽ ക്യാമ്പസാണ് അബുദാബിയിൽ ആരംഭിക്കുന്നത്. ഐഐടി-ദൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദൽഹിയും തമ്മിൽ നേരത്തെ ധാരണയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: