ന്യൂദൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദി ധ്യാനം നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ധ്യാനം വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍, ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മോദിയെ തടയണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ധ്യാനത്തിനെത്തി നിശ്ശബ്ദ പ്രചാരണമാണ് മോദി ലക്ഷ്യമിടുന്നതെന്നും അതു തടയണമെന്നുമായിരുന്നു കോണ്‍ഗ്രസ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.
മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാൽ രാഷ്‌ട്രീയ താല്പര്യത്തിന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് കത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം ആരോപിച്ചിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കന്യാകുമാരിയില്‍ എത്തുന്നത്. വൈകിട്ട് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പുറപ്പെടും.
4.35 ന് കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പൂംബുകാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്റെ ബോട്ട് ജെട്ടിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്ക് പോകും. സ്മാരകത്തിലെ ധ്യാന മണ്ഡപത്തില്‍ രണ്ടു ദിവസം അദ്ദേഹം ധ്യാനത്തില്‍ മുഴുകും. ധ്യാനാന്തരം സമീപത്തെ തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിക്കും. തുടര്‍ന്ന് ഒന്നിന് വൈകിട്ട് 3.25ന് കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ദല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കന്യാകുമാരി കനത്ത സുരക്ഷ വലയത്തിലാണ്. ഇന്നലെ മുതല്‍ വിവേകാനന്ദപ്പാറയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: