ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അതുല്യമായ വ്യക്തിത്വത്തിനുടമയാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഫരീദ് സക്കറിയ.
ഒരുവശത്ത് സാധാരണക്കാരനാണെന്ന് സ്വയം തെളിയിക്കുന്നു, മറുവശത്ത് അദ്ദേഹം ഒരു സാങ്കേതിക വിദഗ്ദ്ധന് കൂടിയാണ്. ഈ ശക്തിയാണ് ആളുകളെ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് മോദിക്ക് നല്ല ധാരണയുണ്ടെന്നും അതിനാലാണ് അദ്ദേഹം അതില്‍ വിജയിച്ചതെന്നും എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകനായ സക്കറിയ പറഞ്ഞു.
നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറിയാല്‍ ലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം ഇനിയും വര്‍ധിക്കും. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അദ്ദേഹം വളരെ ജനപ്രിയനാണ്, രാജ്യത്തെ നിരവധി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഏഷ്യയില്‍ ചൈനയെ വെല്ലുവിളിക്കാന്‍ ഭാരതത്തിന് മാത്രമേ കഴിയൂ. ചൈനയുടെ ഉയര്‍ച്ച അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ യാഥാര്‍ത്ഥ്യമാണെന്നും അതേ സമയം ഏഷ്യയില്‍ ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. ചൈനയുടെ ഉയര്‍ച്ചയും റഷ്യയുടെ പിന്‍വാങ്ങലും ലോകക്രമത്തിന് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ലോകത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രമാണ് ഭാരതം. പല തലങ്ങളിലും ചൈനയെ വെല്ലുവിളിക്കുന്ന നിലയിലാണ് ഭാരതം. മറ്റൊരു രാഷ്ട്രതലവനുമായി മോദിയെ താരതമ്യം ചെയ്യാനാവില്ലെന്നും സക്കറിയ പറഞ്ഞു. മധ്യേഷ്യയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മോദിക്ക് സാധിക്കുമെന്ന് ഇറാനുമായുള്ള ബന്ധത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഭാരതത്തിന് ഇടം ലഭിക്കണം. സാമ്പത്തിക രംഗത്ത് ഭാരതം കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടിവരും. ഭാരതം സാമ്പത്തികമായും വേഗത്തില്‍ വികസിക്കേണ്ടതുണ്ട്. ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ സാധ്യതകളേക്കാള്‍ പിന്നിലാണ്. ഇന്നും സാമ്പത്തികമായി ചൈന ഭാരതത്തേക്കാള്‍ അഞ്ചിരട്ടി വലുതാണ്. പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ 9% നിരക്കില്‍ ഭാരതം വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക മേഖലയില്‍ വന്‍ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഭാരതത്തിന്റെ കൂടുതല്‍ ടെക് കമ്പനികളെ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ചൈനയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി നല്കാന് തക്ക ശേഷിയാണ് ഭാരതം ആര്‍ജ്ജിക്കുന്നത്. ടെക് ലോകത്തും ആരോഗ്യ മേഖലയിലും ഉള്‍പ്പെടെ ചൈനയോട് കിടപിടിക്കും വിധത്തിലുള്ള ഉയര്‍ച്ചയാണ് ഭാരതം കാഴ്ചവയ്ക്കുന്നത്. മാറുന്ന ലോകത്തിന് പോസിറ്റീവ് മാറ്റങ്ങള്‍ നല്കാന് ഭാരതത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: