കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എംപിയുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരീകരിക്കാനായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തില്‍നിന്ന് തൊലി നീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഫ്ളാറ്റിന് സമീപത്തെ കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവല്‍ദാറിനെ കൊല്‍ക്കത്ത പോലീസിന്റെ സിഐഡി സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശില്‍നിന്നെത്തിയ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂണ്‍ റഷീദ് പ്രതിയെ കൊല്‍ക്കത്തയില്‍ വച്ച് വിശദമായി ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിന് ശേഷം ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലും സമീപത്തെ കനാലിലും പരിശോധന നടത്തനായി ധാക്ക പോലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.
ഫ്ളാറ്റില്‍നിന്ന് ശേഖരിച്ച രക്തസാംപിളും അസീം അനാറിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളും ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താനാണ് ധാക്ക പോലീസിന്റെ നീക്കം. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂടൗണിലെ ഒരു ഷോപ്പിങ് മാളില്‍ ധാക്ക പോലീസ് പരിശോധന നടത്തി. കൃത്യം നടത്താനായി പ്രതികള്‍ ഉപയോഗിച്ച കത്തിയും മറ്റു ആയുധങ്ങളും ഇവിടെനിന്നാണ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു പരിശോധന.
അസീം അനാര്‍ കൊലക്കേസില്‍ ഷിലാസ്തി റഹ്മാന്, അമാനുള്ള അമാന്‍, ഫൈസല്‍ അലി എന്നിവരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. അസീം അനാറിന്റെ സുഹൃത്തായ അക്തറുസ്മാന് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി അക്തറുസ്മാന്റെ കാമുകിയായ ഷിലാസ്തി, അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കുകയും കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ പ്രതികള്‍ ആസൂത്രണം ചെയ്തതനുസരിച്ച് അസീമിനെ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിച്ച് കൊലപ്പെടുത്തി. കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ ഷിലാസ്തി മറ്റൊരു സ്ത്രീയും ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്രചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷിലാസ്തി തിരികെ മടങ്ങിയപ്പോളും ഇവര്‍ കൂടെയുണ്ടായിരുന്നതായും ബംഗ്ലാദേശ് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: