അമേരിക്കന്‍ മണ്ണില്‍ ലോകട്വന്റി20 ക്രിക്കറ്റില്‍ പോരടിക്കാന്‍ ഭാരത ടീം സജ്ജമായെത്തിക്കഴിഞ്ഞു. ഞായറാഴ്ച്ച നേരം പുലരുന്നതോടെ ആരംഭിക്കുന്ന ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം അടുത്ത ബുധനാഴ്ച രാത്രി എട്ടിന്. കാനഡയാണ് എതിരാളികള്‍.
17 വയസ് പൂര്‍ത്തിയാകുന്ന ട്വന്റി20 ലോകകപ്പില്‍ ഇപ്പോഴും ഭാരതത്തിന് പറയാനുള്ളത് ആദ്യ പതിപ്പിലെ കിരീട നേട്ടം മാത്രമാണ്. പിന്നീടിത്രയും കാലത്തിനിടെ എട്ട് തവണ ട്വന്റി20 ലോകകപ്പ് നടന്നുപോയി. പക്ഷെ കിരീടത്തിന്റെ അടുത്തെത്താന്‍ പോലും ഭാരതത്തിന് ഇതേവരെ സാധിച്ചിട്ടില്ല.
2014 ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിയെങ്കിലും കിരീടം നേടിയില്ല. ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു. 2007ലെ കിരീട നേട്ടത്തിന് ശേഷം ഭാരതം ട്വന്റി20 ലോകകപ്പില്‍ കൈവരിച്ച ഏറ്റവും വിലയ നേട്ടം ഇതാണ്. 2016ല്‍ സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റു. അക്കൊല്ലം കിരീടം നേടിയത് വെസ്റ്റിന്‍ഡീസ് ആയിരുന്നു. പിന്നീട് 2021ല്‍ സൂപ്പര്‍ 12വരെ എത്തിയുള്ളൂ. തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ സെമിയിലെത്തി, ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായി ഇക്കുറി അമേരിക്കയിലും വെസ്റ്റിന്ഡീസിലുമായെത്തുന്നത്.
ഇത്തവണ ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്, കാനഡ, അയര്‍ലന്‍ഡ്, അമേരിക്ക എന്നിവയാണ് മറ്റ് ടീമുകള്‍.
ഭാരതത്തിന്റെ എല്ലാ മത്സരങ്ങളും രാത്രി എട്ടിനാണ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അമേരിക്കയിലാണ്. അയര്‍ലന്‍ഡിനെതിരായ ആദ്യ കളി ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍. ജൂണ്‍ ഒമ്പതിന് ഇതേ സ്റ്റേഡിയത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുന്ന ഭാരതത്തിന്റെ എതിരാളികള്‍ പാകിസ്ഥാന് ആണ്. 12ന് അമേരിക്കയെ നേരിടുന്ന ഭാരതം 15ന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാനഡയെ നേരിടും.
ട്വന്റി20യില്‍ മാത്രമല്ല മാത്രമല്ല ഐസിസി സംഘാടകരാകുന്ന ടൂര്‍ണമെന്റില്‍ ഭാരതം ജേതാക്കളായിട്ട് 11 വര്‍ഷമായി. 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതാണ് ടീമിന്റെ അവസാന നേട്ടം. അന്ന് മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് കപ്പടിച്ചത്. അതില്‍ പിന്നെ 2017ല്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയെങ്കിലും പാകിസ്ഥാനോട് തോറ്റു. രണ്ട് തവണ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ചു, കപ്പ് മാത്രം നേടിയില്ല. ഇംഗ്ലണ്ട് ആതിഥേയരായ 2019 ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. ഇക്കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മാത്രമായി നടന്ന ലോകകപ്പിന്റെ ഫൈനലില്‍ സമാനതകളില്ലാത്ത പ്രകടനവുമായാണ് രോഹിത് ശര്‍മയും കൂട്ടരും ഫൈനലിലെത്തിയത്. പക്ഷെ നവംബര്‍ 19ന് അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് നിസ്സാരമായി തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: