സിംഗപ്പൂര്‍: ഭാരത വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. ലക്ഷ്യ സെന്‍ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ ഏക്സല്സെനിനോടാണ് ലക്ഷ്യ പരാജയപ്പെട്ടത്.
തായ്ലന്ഡ് ഓപ്പണ്‍ റണ്ണറപ്പായ ശേഷം സിന്ധു ആദ്യമായാണ് ഇന്നലെ മത്സരത്തിനിറങ്ങിയത്. ഡെന്മാര്ക്കിന്റെ ലിനെ ഹോയ്മാര്ക്ക് ക്യേഴ്സ്ഫെഡ്റ്റിനെയാണ് സിന്ധു ആദ്യ മത്സരത്തില്‍ ഇന്നലെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് വെറും 44 മിനിറ്റില്‍ ഭാരത താരം വിജയിച്ചു. സ്കോര്‍ 21-12, 22-20
രണ്ടാം റൗണ്ടില്‍ സ്പെയിന്റെ കരുത്തന് താരം കരോലിന മാരിന് ആണ് സിന്ധുവിന്റെ എതിരാളി. നിലവില്‍ ലോക മൂന്നാം നമ്പര്‍ വനിതാ താരമാണ് മാരിന്. ഇതുവരെ 11 മത്സരങ്ങളില്‍ സിന്ധുവിനെ മാരിന് തോല്‍പ്പിച്ചിട്ടുണ്ട്. അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു.
ലോക 14-ാം നമ്പര്‍ താരം ലക്ഷ്യ സെന്‍ പാരിസ് ഒളിംപിക്സില്‍ കളിക്കാനിരിക്കെയാണ് സിംഗപ്പൂര്‍ ഓപ്പണില്‍ ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെട്ടത്. സ്കോര്‍ 13-21, 21-16, 13-21. 62 മിനിറ്റില്‍ ലക്ഷ്യ പരാജയപ്പെട്ടു. ആക്സെല്‍സെന്‍ ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച്ച അവസാനിച്ച തായ്ലന്ഡ് ഓപ്പണ്‍ സിംഗിള്‍സ് നേടിയത് അക്സെല്‍സണ്‍ ആണ്.
മറ്റൊരു ഭാരത താരം കിഡംബി ശ്രീകാന്ത് ആദ്യ മത്സരത്തിനിറങ്ങി രണ്ടാം ഗെയിമായപ്പോഴേക്കും പിന്മാറി. ഇതേ തുടര്‍ന്ന് എതിരാളി കോഡായ് നരോക്കയ്ക്ക് വാക്കോവര്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: