ന്യൂദല്‍ഹി: കോടതി നടപടികള്‍ അനധികൃതമായി റെക്കോര്‍ഡ് ചെയ്തതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് നടപടി ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ദല്‍ഹി ഹൈക്കോടതിയുടെ 2021 ലെ വീഡിയോ കോണ്‍ഫറന്‍സിങ് ചട്ടങ്ങള്‍ സുനിത കേജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആപ്പ് നേതാക്കള്‍, മറ്റുരാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ഹര്‍ജിയിലുണ്ട്.
ദല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ന് റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജ മുമ്പാകെ അരവിന്ദ് കേജ്രിവാളിനെ ഹാജരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് അന്ന് കോടതിയില്‍ പറയുമെന്ന് കേജ്രിവാള്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. കേജ്രിവാള്‍ തന്റെ ഭാഗം വിശദീകരിക്കുന്നത് കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് വിലക്കുണ്ടായിട്ടും റെക്കോര്‍ഡ് ചെയ്യുകയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ആപ്പിലെയും മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരും കോടതി നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാനും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ് റെക്കോര്‍ഡിങ്ങും പ്രചരിപ്പിക്കലും. രാജ്യത്തെ ജുഡീഷ്യറി കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇതിനുപിന്നിലുണ്ട്. കേജ്രിവാള്‍ അതിനുമുമ്പോ ശേഷമോ തന്റെ വാദം കോടതിയില്‍ അവതരിപ്പിച്ചിട്ടില്ല. 28ന് തന്റെ വാദം അവതരിപ്പിച്ചത് പൊതുജന പിന്തുണ നേടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അനധികൃത റെക്കോര്‍ഡിങ്ങുകള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിലുണ്ട്. 1971ലെ കോടതിയലക്ഷ്യ നിയമം അനുസരിച്ച് കര്‍ശന ശിക്ഷ നല്‍കണം. കൂടാതെ, ദല്‍ഹി ഹൈക്കോടതിയുടെ 2021ലെ വീഡിയോ കോണ്‍ഫറന്‍സിങ് (വിസി) ചട്ടങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കര്‍ശനമായ പിഴ ചുമത്തണം. ഇത്തരം അനധികൃത റെക്കോര്‍ഡിംഗുകളും പ്രചരിപ്പിക്കലും ആവര്‍ത്തിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്കണം. ഇത് പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തണമെന്നും ഹര്‍ജിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: