കൊല്ലം: സംസ്ഥാനത്തെ വിവിധ നഗരസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം, തസ്തിക മാറ്റം, പ്രൊമോഷന് എന്നിവയൊന്നും നല്‍കാതെ സര്‍ക്കാര്‍. യോഗ്യതയുള്ളവര്‍ക്കാണ് 10 ശതമാനം സംവരണം നല്കി സ്ഥാനക്കയറ്റം, തസ്തിക മാറ്റം, പ്രൊമോഷന് എന്നിവ നല്‍കേണ്ടത്.
സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിലെ കാലതാമസം കാരണമാണ് ജീവനക്കാര്‍ക്ക് ഇവയൊന്നും ലഭിക്കാത്തത്. എന്നാല്‍ മറ്റ് വകുപ്പുകളിലെ കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് 10 ശതമാനം സംവരണം നല്കി സ്ഥാനക്കയറ്റവും പ്രൊമോഷനും
നല്‍കുന്നുമുണ്ട്.
സ്പെഷ്യല്‍ റൂള്‍സ് തയാറാക്കാന്‍ 22ലും 23ലും വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. കൂടാതെ കണ്ടിന്‍ജന്റ് ജീവനക്കാരുടെ പേര് മാറ്റി മുനിസിപ്പല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കി കൊണ്ടുള്ള ഉത്തരവും ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
കണ്ടിന്‍ജന്റ് ജീവനക്കാരില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവര്‍ വരെ ജോലി ചെയ്യുന്നുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നത് പോലെ തന്നെയാണ് കണ്ടിന്‍ജന്റ് ജീവനക്കാരുടെ നിയമനവും.
കണ്ടിന്‍ജന്റ് ജീവനക്കാരുടെ സ്പെഷല്‍ റൂള്‍സ് വേഗത്തില്‍ തയാറാക്കി ഉത്തരവിറക്കാന്‍ നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, നഗരകാര്യ ജോ. ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: