ആദിത്യ തളിയാടത്ത്
കോഴിക്കോട്: ആ സുഖപ്രസവം നടന്നത് കെഎസ്ആര്‍ടിസി ബസില്‍ത്തന്നെ. കുഞ്ഞിന്റെ ആദ്യ കരച്ചില് കേട്ടതായി കണ്ടക്ടര്‍ അജയന് പറയുന്നു. ഡ്രൈവര്‍ ഷിജിത്ത് ശരിവെക്കുന്നു. അവര്‍ ജന്മഭൂമിയോട് സംഭവം വിവരിച്ചതിങ്ങനെ:
ഇന്നലെ ഉച്ചക്ക് 12.20 ന് തൃശ്ശൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നെടുത്ത തൃശ്ശൂര്‍- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ബസ് 15 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ആ സ്ത്രീ ബസ്റ്റാന്‍ഡില്‍ നിന്ന് തനിച്ചു കയറുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് കണ്ടക്ടര്‍ പി.പി.അജയനും ഡ്രൈവര്‍ ഷിജിത്തും പറഞ്ഞു. ബസില്‍ കയറിയ യുവതി സീറ്റില്‍ കൃത്യമായി ഇരുന്നെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബസ് യാത്ര തുടങ്ങിയത്. എങ്കിലും സ്ത്രീയുടെ മുഖത്തെ പരിഭ്രമവും അങ്കലാപ്പുമെല്ലാം കണ്ടക്ടര്‍ അജയന് ശ്രദ്ധിച്ചു. കുറ്റിപ്പുറത്തേക്കാണ് ടിക്കറ്റ് എന്നറിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ട് അവിടെ എത്തുമല്ലോ എന്ന സമാധാനമായിരുന്നു ഉണ്ടായതെന്ന് അജയന് പറഞ്ഞു.
അതിനിടെയാണ് പേരാമംഗലത്ത് എത്തിയപ്പോള്‍ യുവതി വേദന വരുന്നതായി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറയുന്നത് അജയന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ അജയന് ആവശ്യപ്പെട്ടു. കുറച്ചു കൂടി മുന്പോട്ട് ബസ് പോയാല്‍ അടുത്ത ആശുപത്രിക്കായി കിലോമീറ്ററുകള്‍ പോകേണ്ടിവരുമെന്ന് അജയന് ഓര്‍മിച്ചു. തുടര്‍ന്ന് ഒട്ടും മടിച്ചു നില്‍ക്കാതെ, കാത്തുനില്‍ക്കാതെ തൊട്ടടുത്ത അമല ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും 80 ശതമാനത്തോളം പ്രസവം നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ത്തന്നെ പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില് ബസിനുള്ളില്വെച്ചുതന്നെ കേട്ടിരുന്നതായും കണ്ടക്ടര്‍ അജയന് പറയുന്നു.
ഇതിനുമുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായതായി ഇരുവരും ഓര്‍മിക്കുന്നു. അസുഖം വന്നവരെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതെല്ലാം കടമയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നാണ് നാദാപുരം വാണിമേല്‍ തൈപ്പറമ്പില്‍ അജയന് പറയുന്നത്. ഈ സംഭവം നടന്നപ്പോള്‍ യുവതിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം തുടര്‍ന്ന് ബസിലെ യാത്രക്കാരെ അവരുടെ സ്ഥലങ്ങളില്‍ എത്തിക്കണം എന്ന ചിന്ത മാത്രമാണ് കണ്ടക്ടര്‍ അജയനും ഡ്രൈവര്‍ തൊട്ടില്‍പ്പാലം സ്വദേശി എ.വി. ഷിജിത്തിനും ഉണ്ടായത്.
ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല എന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ ഉയരുന്നുണ്ട്. എന്നാല്‍ ബസ് മണിക്കൂറുകള്‍ വൈകിയാല്‍ മാത്രമേ വിവരം സ്റ്റേഷന് മാസ്റ്ററെ അറിയിക്കേണ്ടതുള്ളുവെന്നാണ് ചട്ടം. ഇവിടെ 10 മിനിറ്റിനടുത്ത് മാത്രമാണ് വൈകിയത്. അതിനാല്‍ത്തന്നെ ഇങ്ങനെ ഒരു സംഭവം നടന്ന വിവരം ഓഫീസില്‍ വിളിച്ചു അറിയിക്കാന്‍പോലും ഇരുവരും മറന്നിരുന്നു. സ്റ്റേഷന് മാസ്റ്റര്‍ മാധ്യമങ്ങളില്‍ കണ്ട് വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് അജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: