ലളിത ശ്രീകുമാര്‍
എന്താണ് രാമരാജ്യം? എങ്ങനെയാണ് രാജാവ് രാജ ഭരണം നടത്തേണ്ടത്? രാജ്യത്തെ ഭരണ സംവിധാനം ഒരുക്കുന്നത് എങ്ങനെയെന്ന്, വനവാസത്തിനു പോയ ജ്യേഷ്ഠനെ തേടിയെത്തുന്ന ഭരതനോട് രാമന് വിശദമായി പറഞ്ഞു കൊടുക്കുന്നു. വാല്മീകി രാമായണം അയോദ്ധ്യ കാണ്ഡത്തിലെ നൂറാം സര്‍ഗ്ഗത്തില്‍ എഴുപതോളം ശ്ലോകങ്ങളിലായാണ് രാജ്യഭരണം എങ്ങനെ വേണമെന്ന് രാമന് ഉപദേശിച്ചു കൊടുക്കുന്നത്.
രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ രാഷ്ട്രീയം നിറഞ്ഞു തുളുമ്പുന്ന ഭാരത ചരിത്രമാണ് നമ്മള് വാല്മീകി രാമായണത്തില്‍ ഉടനീളം കാണുന്നത്.
ഒരു സമൂഹം, പലതരത്തിലുള്ള ജനങ്ങള്‍ എല്ലാവരും സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന അവസ്ഥയില്‍ അത് ഒരു നല്ല രാഷ്ട്രമാകുന്നു. അയോദ്ധ്യ എന്ന യുദ്ധമില്ലാത്ത രാജ്യം നല്ല രാഷ്ട്രത്തിന് ഉദാഹരണമാണ്.
വാല്മീകി മഹര്‍ഷി രചിച്ച രാമായണ കഥ തുടങ്ങുന്നതു തന്നെ വാല്മീകിയുടെ ശിഷ്യരായ ലവനും കുശനും തന്ത്രികള്‍ മീട്ടി അതു പാടി നടക്കുന്നതായിട്ടാണ്. അവര്‍ പാടിത്തുടങ്ങുന്നത് അയോദ്ധ്യയെന്ന രാജ്യത്തെക്കുറിച്ചും അതു ഭരിക്കുന്ന ദശരഥ രാജാവിനെക്കുറിച്ചുമാണ്.
സരയൂ നദിക്കരയിലുള്ള കോസലം എന്ന രാജ്യത്തില്‍ ഐശ്വര്യസമൃദ്ധമായ ജനപദങ്ങളും ലോക പ്രസിദ്ധിയാര്‍ജ്ജിച്ച അയോദ്ധ്യയെന്ന നഗരവുമുണ്ട്. 12 യോജന നീളവും 3 യോജന വീതിയുമുള്ള ഈ നഗരി സൃഷ്ടിച്ചത് മനു എന്ന രാജാവായിരുന്നു. ഈ നഗരത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ കമാനത്തോടു കൂടിയ വാതിലുകളാണുള്ളത്. ശത്രുക്കള്‍ക്കു പ്രവേശിക്കാനാവാത്ത വിധം നഗരത്തിനു ചുറ്റും ആഴമുള്ള കിടങ്ങുകളും കൂറ്റന്‍ മതില്ക്കെട്ടുകളുമുണ്ട്. ആപണങ്ങളില്‍ യന്ത്രങ്ങളും ആയുധങ്ങളുമുണ്ട്. രാജപാതകളില്‍ എന്നും വെള്ളം തളിച്ചു പൂക്കള്‍ വിതറും. ശില്പികള്, സൂതമാഗധര്, നര്‍ത്തകികള്‍, നാടകസംഘങ്ങള്‍, കപ്പം കൊടുക്കാന്‍ വന്ന സാമന്ത രാജാക്കന്മാര്, നാനാ ദേശങ്ങളില്‍ നിന്നെത്തിയ വണിക്കുകള്‍ എന്നിവരെയെല്ലാം അവിടെ കാണാം.
രത്നഖചിതമായ മണിമാളികകള്‍, ഏഴുനില മാളികകള്‍, സമഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ഉറപ്പുള്ള വാസഗേഹങ്ങള്‍, ധാന്യങ്ങള്‍ വിളഞ്ഞു കിടക്കുന്ന ഭൂമി, കരിമ്പുനീരു പോലെയുള്ള ജലം, കുതിര, ആന, ഒട്ടകം, കഴുത മുതലായ മൃഗങ്ങള്‍ എല്ലാം അവിടെ ധാരാളമായി ഉണ്ടായിരുന്നു. പെരുമ്പറ, മൃദംഗം, വീണ, ചെണ്ട മുതലായ വാദ്യഘോഷങ്ങള്‍ കൊണ്ട് അവിടം മുഖരിതവുമായിരുന്നു. ധനവും ധാന്യവും പശുവും എല്ലാ ഗൃഹങ്ങളിലും ഉണ്ടായിരുന്നു. നല്ല വൃത്തിയോടെ, പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച അവിടത്തെ സ്ത്രീ പുരുഷന്മാര് വിദ്യാസമ്പന്നരും സന്തുഷ്ടരുമായിരുന്നു.
ഈ വിധം സമ്പന്നമായ ആ രാജ്യം ഭരിച്ചിരുന്ന ദശരഥ രാജാവ് അമരാവതിയില്‍ ഇന്ദ്രന് എങ്ങനെയോ അങ്ങനെ ജീവിച്ചിരുന്നു. രാജാവിന് 8 മന്ത്രിമാരും വസിഷ്ഠ മഹര്‍ഷി ഉള്‍പ്പെട്ട 8 ഉപദേശകരും രാജ്യക്ഷേമത്തില്‍ ബദ്ധശ്രദ്ധരായി ഉണ്ടായിരുന്നു. ഇങ്ങനെ നല്ല രീതിയില്‍ സമൃദ്ധവും സമ്പന്നവും സന്തുഷ്ടികരവുമായ ഒരു രാജ്യത്തെ ,ഭരണ സംവിധാനം ഒരുക്കുന്നത് എങ്ങനെയെന്ന്, വനവാസത്തിനു പോയ ജ്യേഷ്ഠനെ തേടിയെത്തുന്ന ഭരതനോട് രാമന് വിശദമായി പറഞ്ഞു കൊടുക്കുന്നു. അയോദ്ധ്യ കാണ്ഡത്തിലെ നൂറാം സര്‍ഗ്ഗത്തില്‍ എഴുപതോളം ശ്ലോകങ്ങളിലായി ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് രാമന് ഭരതന് ഉപദേശിച്ചു കൊടുക്കുന്നു.
എന്താണ് രാമരാജ്യം? എങ്ങനെയാണ് രാജാവ് രാജ ഭരണം നടത്തേണ്ടത്?
ദശരഥ രാജാവിന്റെ മരണശേഷം അയോദ്ധ്യയില്‍ എത്തിയ ഭരതന് ശ്രീരാമനെ തിരികെ കൊണ്ടുവന്ന് ഭരണസാരഥ്യം ഏല്പിക്കുന്നതിനു തീരുമാനിച്ച് വനത്തിലേക്കു പുറപ്പെടുന്നു. ഗുരുക്കന്മാര്, മന്ത്രിമാര്‍, സൈന്യം അമ്മമാര്‍, പ്രജകള്‍ എന്നിങ്ങനെ വലിയ ജനതതി കൂടെയുണ്ട്.
വനത്തില്‍ ഒരു ദര്‍ഭ വിരിപ്പില്‍ വല്ക്കലവും ജടയും ധരിച്ച് ഇരിക്കുന്ന രാമനെക്കണ്ട്, താന്‍ മൂലമാണല്ലോ ഇതു സംഭവിച്ചത് എന്നോര്‍ത്ത് കരഞ്ഞ് ശ്രീരാമ പാദങ്ങളില്‍ വീണുപോയ അനുജനെ രാമന് പിടിച്ചെഴുന്നേല്‍പ്പിച്ച് പുണര്‍ന്ന് വിശേഷങ്ങള്‍ ചോദിക്കുന്നു.
ആദ്യമേ ഭരതന് തനിയെയാണ് രാമസമീപം ചെല്ലുന്നത്. പിതാവു മരിച്ച കാര്യം രാമന് അറിഞ്ഞിട്ടില്ല. ആദ്യം തന്നെ ചോദിക്കുന്നത് ധര്‍മ്മിഷ്ഠനായ പിതാവ് സുഖമായിരിക്കുന്നോ എന്നാണ്. പിന്നെ മാതാക്കള്‍, വസിഷ്ഠാദി ഗുരുക്കന്മാര്, അമ്മമാര്‍ എല്ലാവരേയും ബഹുമാനിച്ചു വരുന്നില്ലേ എന്നും. അതിനു ശേഷം ഭരണ കാര്യത്തില്‍ രാജാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി പറഞ്ഞു തുടങ്ങുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: