അംബികാദേവി കൊട്ടേക്കാട്ട്
പിതൃക്കളുടെ മോക്ഷത്തിനായി താന്‍ വിവാഹം ചെയ്യാന്‍ സന്നദ്ധനാണെന്ന് മുനി അവരെ അറിയിച്ചു. എന്നാല്‍ തന്റെ തന്നെ നാമമുള്ള ഒരു കന്യകയെ മാത്രമേ താന്‍ വേള്‍ക്കു എന്ന് മുനി ശപഥം ചെയ്തിരുന്നു. അതിനാല്‍ ജരല്‍ക്കാരു എന്നു പേരുള്ള സ്ത്രീയെ തേടി മുനി എല്ലായിടത്തും അലഞ്ഞു. വന സഞ്ചാരത്തിനിടെ വാസുകീ സേവകര്‍ മുനിയെപ്പറ്റി അറിഞ്ഞ്് വേഗം വാസുകിയെ വിവരം ധരിപ്പിച്ചു. തന്റെ സഹോദരി ജരല്‍ക്കാരുവിനേയും കൂട്ടി വാസുകി, മുനിയുടെ അരികിലെത്തി വണങ്ങി. ഭാര്യയുടെ സംരക്ഷണം ഏറ്റെടുക്കില്ല എന്നും തനിക്ക് അഹിതമായി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ വീടുപേക്ഷിച്ച് പോകുമെന്നും ഉള്ള നിബന്ധനയോടെ മുനി, വാസുകിയുടെ സഹോദരി ജരല്ക്കാരുവിനെ സ്വീകരിക്കാന്‍ തയ്യാറായി. വംശരക്ഷക്കായി എല്ലാനിബന്ധനകളും അംഗീകരിച്ച് വാസുകിരാജന്‍ തന്റെ സഹോദരിയെമുനിക്ക് കന്യാദാനം ചെയ്തു കൊടുത്തു. അവരുടെ പുത്രനായി ആസ്തീകന് പിറന്നു. സമയമായപ്പോള്‍ ച്യവനമഹര്‍ഷിയില്‍ നിന്നും ആസ്തീകന് വേദങ്ങളും സര്‍വ്വ ശാസ്ത്രങ്ങളുംപഠിച്ച്, തപസ്സിദ്ധിയും കൈവരിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങി.
മാതൃഗൃഹത്തിലെത്തി സര്‍പ്പസത്രം തടയുവാനുള്ള ഇച്ഛയോടെ യാഗശാലയിലേക്ക് പുറപ്പെട്ട ആസ്തീകനെ മാതാവും, മാതുലനും, നാഗശ്രേഷ്ഠന്മാരും ആശീര്‍വദിച്ചയച്ചു. കനത്ത സുരക്ഷ പാലിക്കുന്ന യാഗശാലയിലേക്ക് പ്രവേശിക്കുവാനാകാതെ ആസ്തീകന് വെളിയില്‍ നിന്ന് യജ്ഞത്തേയും രാജാ ജനമേജയനേയും ഋത്വിക്കുകളേയും ഹോതാക്കളേയും സ്തുതിക്കുവാന്‍ തുടങ്ങി. സ്തുതി കേട്ട് സന്തുഷ്ടനായ രാജാവ് ആസ്തീകനെ യാഗശാലയിലേക്കാനയിച്ചു. വേണ്ടതുപോലെ സല്‍ക്കരിച്ച് അഭീഷ്ടദാനം നല്കാന് ഒരുങ്ങി. അപ്പോഴും ആസ്തീകന് സ്തുതി നിര്‍ത്തിയില്ല. ഹോമാഗ്നിയില്‍ തക്ഷകന് വരാതിരുന്നതുകൊണ്ട് ശക്തമായ ആഹൂതികള്‍ അര്‍പ്പിക്കുവാന്‍ രാജാവ് ഋത്വിക്കുകളോട് ആവശ്യപ്പെട്ടു. ഇന്ദ്രനില് അഭയം തേടിയ തക്ഷകനെ, ഇന്ദ്രനോടൊപ്പം കര്‍മ്മികള്‍ ആവാഹിച്ചു. രാജാവിന്റെ ദൃഢനിശ്ചയമറിഞ്ഞ് ഇന്ദ്രന് തക്ഷകനെ ഉപേക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോയി. ഗത്യന്തരമില്ലാതെ തക്ഷകന് ആകാശത്തില്‍ നിന്ന് ഹോമാഗ്നിയിലേക്ക് പതിക്കാന്‍ ആരംഭിച്ചു. ആ സമയത്ത് യോഗിയായ ആസ്തീക ബാലന് ഇഷ്ടവരം കൊടുത്ത് സന്തോഷിപ്പിക്കുവാന്‍ ഋത്വിക്കുകള്‍ ഉപദേശിച്ചു. തക്ഷകന്റെ ആര്‍ത്തനാദവും ചീറ്റലും കേട്ട് കൃതകൃത്യനായ രാജാവ്, ആസ്തീകന് ഇഷ്ടവരം വാഗ്ദാനം ചെയ്യുന്നു. സത്യസന്ധനും പ്രതിജ്ഞാപാലകനുമായ രാജാവിനോട് ഈ സര്‍പ്പസത്രം അവസാനിപ്പിക്കണമെന്ന വരമാണ് ആസ്തീകന് ആവശ്യപ്പെട്ടത്. രാജാവ് ഈ വരം ഒഴികെ എന്തും നല്‍കാമെന്ന് പറഞ്ഞു. പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും, ആസ്തീകന് വഴങ്ങിയില്ല. അതിനാല്‍ അപ്പോള്‍ തന്നെ സര്‍പ്പസത്രം രാജാവിന് അവസാനിപ്പിക്കേണ്ടി വന്നു.
താനേറ്റെടുത്ത ജന്മദൗത്യം വിജയിപ്പിച്ച്, കൃതാര്‍ത്ഥനായി ആസ്തീകന് സര്‍പ്പലോകത്തേക്ക് തിരിച്ചു വന്നു.സര്‍പ്പസത്രത്തില്‍ നിന്നും തങ്ങളുടെ വംശത്തെ രക്ഷിച്ച ആസ്തീകനോട് എല്ലാവരും കൃതജ്ഞത പ്രകടിപ്പിച്ചു. വാസുകി മുതലായ ഭൂജഗേന്ദ്രന്മാര്‍ സന്തോഷത്താല്‍ ആസ്തീകന് ഇഷ്ടവരം നല്കാന് തയ്യാറായി.
രാവിലേയും വൈകുന്നേരവും ആത്മശുദ്ധിയോടെ ഈ ധാര്‍മ്മിക ചരിത്രം (ആസ്തീകോപാഖ്യാനം) പാരായണം ചെയ്യുന്നവര്‍ക്ക് ഒരിക്കലും സര്‍പ്പങ്ങളില്‍ നിന്ന് യാതൊരുവിധ ഭയവും ഉണ്ടാകുവാന്‍ പാടില്ല എന്ന വരമാണ് ആസ്തീകന് ആവശ്യപ്പെട്ടത്. എല്ലാ നാഗങ്ങളും ഒരേ മനസ്സോടെ അദ്ദേഹത്തിന് ഇഷ്ടവരം കൊടുത്തു തൃപ്തിപ്പെടുത്തി.
അതിനാല്‍ ആസ്തീക ചരിതം പഠിക്കുന്നവര്‍ക്ക് സര്‍പ്പഭയം ഉണ്ടാവില്ലെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: